ചെറുവത്തൂർ: നിരവധി വോളിബാൾ പ്രതിഭകൾക്ക് ജന്മം നൽകിയ കൊടക്കാട് ഗ്രാമത്തിൽ നിന്നും പുതിയ പ്രതീക്ഷകൾ തേടിക്കൊണ്ട് സംഘടിപ്പിച്ച വോളിബാൾ ക്യാമ്പിനു നാളെ സമാപനം. നാരായണ സ്മാരക സ്‌പോർട്‌സ് ക്ലബ്ബിന്റെയും ഗ്രന്ഥാലയം യുവജനവേദിയുടെയും നേതൃത്വത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് വോളിബാൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.
വോളിബാൾ ഗ്രാമമെന്ന് അറിയപ്പെടുന്ന കൊടക്കാട് മേയ് ഒന്നിന് ആരംഭിച്ച പരിശീലനം രണ്ടുഘട്ടങ്ങളിലായാണ് നടന്നുവന്നത്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പരിശീലകൻ സഞ്ജയ് ബാലിക, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പരിശീലകൻ ജോയ് സിറിയക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. മിനി, സബ്ബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിലായി 35 ഓളം പേരാണ് പരിശീലനത്തിനുള്ളത്. ദിവസവും രാവിലെയും വൈകുന്നേരവും പരിശീലനം നൽകി വരുന്നു.
സംസ്ഥാന, യൂനിവേഴ്‌സിറ്റി താരങ്ങളായ ക്ലബ്ബിന്റെ മുൻ കാലതാരങ്ങളും പരിശീലകരെ സഹായിക്കാനായി ക്യാമ്പിലെത്തുന്നുണ്ട്.
എൻ.എസ്.എസ്.സി. ഗ്രൗണ്ടിൽ നടന്നുവരുന്ന പരിശീലന ക്യാമ്പ് പി. കരുണാകരൻ എം.പി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. നാരായണൻ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ടി.വി ബാലൻ, വോളിബാൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. വിജയ മോഹനൻ, ഇന്ത്യൻ സർവീസസ് വോളി ടീം ക്യാപ്റ്റൻ വിജേഷ് കോട്ടക്കുന്ന്, സംസ്ഥാന വോളി താരം സന്തോഷ് എന്നിവർ സന്ദർശിച്ചു.
കൊടക്കാട് നാരായണ സ്മാരക സ്‌പോർട്‌സ് ക്ലബ്ബിന്റെയും ഗ്രന്ഥാലയം യുവജനവേദിയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന വോളിബാൾ പരിശീലനം.