കാഞ്ഞങ്ങാട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനുണ്ടായ വിജയം കാസർകോട്ട് കോൺഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചന.
84 നു ശേഷം ഇതാദ്യമായാണ് ഒരു കോൺഗ്രസ് സ്ഥാനാർത്ഥി കാസർകോട്ട് വിജയിക്കുന്നത്. 87 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉദുമയ്ക്ക് പുറമെ ഹൊസ്ദുർഗും കോൺഗ്രസിന്റെ കൈയിലായിരുന്നു. എന്നാൽ അതിൽ പിന്നെ ഇതുവരെ ലോക്സഭ തിരഞ്ഞെടുപ്പിലോ നിയമസഭ തിരഞ്ഞെടുപ്പിലോ കോൺഗ്രസിന് പ്രാതിനിധ്യം ലഭിച്ചില്ല.
യു. ഡി.എഫിന് നേതൃത്വം നൽകുന്നത് കോൺഗ്രസ് ആണെങ്കിലും കാസർകോട് ജില്ലയിൽ മുസ്ലീം ലീഗിന് പിറകിലായിരുന്നു കോൺഗ്രസ്. അതിനൊക്കെയും മറുപടി പറയാനുള്ള അവസരമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. കാസർകോട് എം.പിയായി രാജ് മോഹൻ ഉണ്ണിത്താൻ തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം ഇവിടെത്തന്നെ താമസിക്കാൻ സാധ്യതയേറെയാണ്. അതോടെ ദൈനംദിന കോൺഗ്രസ് പ്രവർത്തനത്തിൽ ഏർപ്പെടാനും അദ്ദേഹമുണ്ടാകും. ജില്ലയിലെ കോൺഗ്രസിൽ അത് പുതിയൊരു ഉന്മേഷം തന്നെ ഉണ്ടാക്കും.
രാജ്മോഹൻ ഉണ്ണിത്താന്റെ അഭിപ്രായം തേടിക്കൊണ്ടായിരിക്കും ഡി.സി.സി പുനഃസംഘടനയുൾപ്പെടെ നടക്കുക. അപ്പോൾ തനിക്കു വേണ്ടപ്പെട്ടയൊരു ടീമിനെ ഉണ്ണിത്താൻ ഉണ്ടാക്കിയെടുക്കുകയും ചെയ്യും. ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ കോൺഗ്രസിനെ മുൻനിരയിലെത്തിക്കാനും ഉണ്ണിത്താന്റെ വിജയം സാധ്യമാക്കും.