തലശേരി:രണ്ട് വയസുള്ള കുട്ടിയടക്കം തെരുവുനായയുടെ കടിയേറ്റ് ഒൻപത് പേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സൈദാർ പള്ളി, പിലാക്കൂൽ, ഗോപാലപ്പേട്ട, ചാലിൽ തുടങ്ങി അടുത്തടുത്ത പ്രദേശങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് നായയുടെ കടിയേറ്റത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടികളെ കടിച്ചത്. വീട്ടിനുള്ളിൽ കയറിയും ആളുകളെ കടിച്ചു.

ഫാത്തിമ കോളനിയിലെ തോമസ്(11), കാത്തലിൻ റോജ(63), സൈദാർപള്ളിയിൽ ഗുൽദുഫ്ത്ത വീട്ടിൽ ഷിഫ ഷാഹുൽ(8), ഗോപാലപ്പേട്ട യു പി ന്യൂ ഹൗസിൽ ദാരുഷ്(8), മനത്തണത്ത് വീട്ടിൽ രാജേഷ്(34), എം എഫ് ഹൗസിൽ അഭിനേഷ്(9), പാണന്റവിട വീട്ടിൽ സയ്‌രാജ്(10), പിലാക്കൂൽ ആഭിത കോർട്ടേഴ്‌സിൽ സന ഫാത്തിമ(2), മുഹമ്മദ് അഫ്‌ലഹ്(9) എന്നിങ്ങനെ 41, 42 വാർഡിൽപ്പെട്ടവർക്കാണ് കടിയേറ്റത്.

ഗോപാലപ്പേട്ടയും പരിസരവും നായയുടെ സങ്കേതമായി മാറിയിട്ട് കാലം കുറേയായി. ഇത്തരം പ്രശ്‌നങ്ങൾ വാർഡ് കൗൺസിലറടക്കം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഏകദേശം രണ്ട് മണിക്കൂറു കൊണ്ട് ഒരു നായ തന്നെയാണ് എല്ലാവരെയും അക്രമിച്ചത്.