കാസർകോട്: രാജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തോടെ സി.പി.എമ്മിന്റെ മൂന്നര പതിറ്റാണ്ട് നീണ്ട കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ ജൈത്രയാത്രയാണ് യു.ഡി.എഫ് തകർത്തത്. പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകത്തിൽ ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ സി.പി.എമ്മിന് അടിതെറ്റുകയായിരുന്നു. രണ്ടു മണ്ഡലങ്ങളിലും നേരത്തേ എൽ.ഡി.എഫിന് നല്ല ഭൂരിപക്ഷമുണ്ടായിരുന്നു. മുസ്ളിം വോട്ടുകളുടെ കേന്ദ്രീകരണം കൂടിയായപ്പോൾ 40,438 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷത്തിൽ ഉണ്ണിത്താൻ കാസർകോട് പിടിച്ചടക്കി.
ഉദുമയിൽ പതിനായിരവും കാഞ്ഞങ്ങാട് ഇരുപതിനായിരത്തോളവും വോട്ട് എൽ.ഡി.എഫിന് നഷ്ടമായി. 1984ന് ശേഷം ആദ്യമായാണ് കാസർകോട്ട് യു.ഡി.എഫ് ആധിപത്യം ഉറപ്പിക്കുന്നത്. ഇന്ദിരാഗാന്ധി വധത്തെ തുടർന്നുണ്ടായ സഹതാപ തരംഗത്തിലാണ് 1984ൽ അന്നത്തെ കാസർകോട് ഡി.സി.സി പ്രസിഡന്റ് ഐ. രാമറൈ ഇവിടെ വിജയിച്ചത്.
പയ്യന്നൂരിലെ ടി. ഗോവിന്ദനും പി. കരുണാകരനും മൂന്ന് തവണ വീതം ജയിച്ചു കയറിയ മണ്ഡലത്തിലാണ് മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. സതീഷ് ചന്ദ്രൻ തോറ്റത്. മഞ്ചേശ്വരവും ഉദുമയും കാഞ്ഞങ്ങാടും രാജ്‌മോഹൻ ഉണ്ണിത്താനെ തുണച്ചപ്പോൾ പയ്യന്നൂരും കല്ല്യാശേരിയും സതീഷ് ചന്ദ്രന്റെ തോൽവിയുടെ ആഴം കുറച്ചു. മഞ്ചേശ്വരത്ത് ഉണ്ണിത്താൻ 20000 വോട്ടുകൾ അധികം നേടി. രണ്ടര ലക്ഷം വോട്ട് ഉണ്ടാകുമെന്നുറപ്പിച്ച ബി.ജെ.പിക്ക് 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനൊപ്പമെത്താനേ സാധിച്ചുള്ളൂ.