തൃക്കരിപ്പൂർ: തങ്കയം കക്കുന്നം ഇ.കെ നായനാർ മന്ദിരത്തിന് നേരെയുണ്ടായ അക്രമത്തിൽ അഞ്ചു പേർക്ക് പരിക്ക്. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ വിജയാഹ്‌ളാദത്തിനിടെയാണ് അക്രമികൾ അഴിഞ്ഞാടിയതെന്നാണ് ആരോപണം.

ടെലിവിഷനിലുടെ ഫലം ശ്രവിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബൈക്കിലെത്തിയ സംഘം പ്രവർത്തകരെ വളഞ്ഞിട്ട് അക്രമിച്ചത്. അക്രമത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്‌.ഐ പ്രവർത്തകരായ കെ. അക്ഷയ് (18), അശ്വിൻ ജയദേവ് (19), ജിതിൻ പ്രകാശ് (19), ശോഭിൻ (18), അരുൺ (17) എന്നിവർക്ക് പരിക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓഫീസിനകത്ത് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഫർണിച്ചറുകൾ അടിച്ച് തകർക്കുകയും ചെയ്തു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കസേരയും മേശയും പുറത്തേക്ക് വലിച്ചിട്ട് അടിച്ച് തകർത്തു. തങ്കയം ഭാഗത്ത് നിന്നുവന്ന ക്രിമിനൽ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് ചന്തേര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പടം... പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ