p-jayarajan

കണ്ണൂർ: വടകര മണ്ഡലത്തിൽ ജയം ഉറപ്പിച്ചു കളത്തിലിറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജന് കാലിടറിയത് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തെയും ഞെട്ടിച്ചു. എട്ടു വർഷമായി ജില്ലാ സെക്രട്ടറിയായി തുടർന്ന പി. ജയരാജനെ മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനു കൂടി തിരിച്ചടിയായി ജയരാജന്റെ പരാജയം. അതേസമയം ജയരാജനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിറുത്താനുള്ള നീക്കമാണോ വടകരയിലെ സ്ഥാനാർത്ഥിത്വമെന്ന ചർച്ചയും കണ്ണൂരിൽ സജീവമായിരുന്നു.

കീഴ്‌വഴക്കങ്ങൾ മറികടന്ന് പൂർണമായും ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയാണ് പി. ജയരാജനെ വടകരയിൽ തിരഞ്ഞെടുപ്പിനിറക്കിയത്. ജയരാജനോടുള്ള പാർട്ടി അണികളുടെ വീരാരാധനയിൽ തലശേരി, കൂത്തുപറമ്പ് അസംബ്ളി മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷം നേടാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉണ്ടായത്. എന്നാൽ അത് തീർത്തും അസ്ഥാനത്തായി. അതേസമയം വിവിധ അക്രമങ്ങൾ വടകര മണ്ഡലത്തിൽ എൽ.ഡി.എഫിനെ തീർത്തും പ്രതിരോധത്തിലാക്കി.

തന്നെ കാണാൻ ആരും ജയിലിൽ വരേണ്ടിവരില്ലെന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ പ്രചാരണ തന്ത്രവും ജയരാജന് തിരിച്ചടിയായി. പാർട്ടിയുടെ കണ്ണൂർ കരുത്തിന്റെ അമരക്കാരനായി ഇനിയൊരു മടങ്ങി വരവ് ജയരാജന് എളുപ്പമല്ല. തിരഞ്ഞെടുപ്പിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ അതിജീവിക്കാൻ ജയരാജന് നന്നെ പാടുപെടേണ്ടി വന്നു. എന്നാൽ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എൽ.ജെ.ഡിയുടെ കൂടി പിന്തുണയോടെ ഇതെല്ലാം മറകടക്കാമെന്ന പ്രതീക്ഷയാണുണ്ടായത്.

പാർട്ടിക്ക് മുകളിൽ വ്യക്തികേന്ദ്രീകൃത വളർച്ചയ്ക്ക് ശ്രമിച്ചുവെന്ന ആരോപണത്തിൽ ജില്ലാ സെക്രട്ടറി പി.ജയരാജനെ സംരക്ഷിച്ചും സംസ്ഥാന നേതൃത്വത്തെ വിമർശിച്ചുമാണ് കഴിഞ്ഞ സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം അവസാനിച്ചത്. അന്ന് അണികളുടെ കരുത്തിൽ നേതൃത്വത്തെ മുട്ടുമടക്കിച്ച പി. ജയരാജന് അവസരം കാത്തിരുന്ന് പാർട്ടി നൽകിയ മറുപടിയാണ് ലോക്‌സഭാ സ്ഥാനാർത്ഥിത്വമെന്നും സി.പി.എമ്മിൽ ചർച്ചയുയർന്നിരുന്നു. 'ജയരാജൻ ധീര സഖാവ്....' എന്ന വരികളുള്ള ആൽബം പുറത്തു വന്നതോടെയാണ് ജയരാജനെതിരെയുള്ള വിവാദങ്ങളും പുറത്തു വന്നത്. ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്ന് വിലയിരുത്തുകയും പാർട്ടി ശാസിക്കുകയും ചെയ്തിരുന്നു.

എന്നാൽ പാർട്ടി വിലക്ക് മറികടന്നും അണികൾ ജയരാജന്റെ ചിത്രങ്ങളോടുകൂടിയ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചാണ് നേതൃത്വത്തെ നേരിട്ടത്. തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ജയരാജനെ വീരപുരുഷനായി അവതരിപ്പിച്ചു തന്നെയാണ് പ്രചാരണം മുന്നോട്ടു നീങ്ങിയത്. ജയരാജന്റെ കൂറ്റൻ കട്ടൗട്ടുകൾ തന്നെ വടകര മണ്ഡലത്തിലുടനീളം നിരന്നിരുന്നു. ഒരോ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും ഉത്സവ പ്രതീതിയായിരുന്നു. എന്നിട്ടും വിജയം അകലെയായത് പാർട്ടിയെ ഞെട്ടിച്ചു.