കണ്ണൂർ: കല്ലട വിവാദം കത്തിയപ്പോഴാണ് അന്തർ സംസ്ഥാന റൂട്ടുകളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ തുടങ്ങുന്നത് ചർച്ചയായത്. എന്നാൽ വിവാദം കെട്ടടങ്ങിയതോടെ ഇതും ഫയലിൽ കുരുങ്ങിയ മട്ടാണ്. ഈ പ്രഖ്യാപനത്തിൽ ഏറെ പ്രതീക്ഷ പുലർത്തിയ ഉത്തര മലബാറിലെ യാത്രക്കാരും ഇതോടെ നിരാശയിലായിട്ടുണ്ട്. കർണാടകയിലെ ബംഗളൂരുവിൽ ജോലി ചെയ്യുന്ന കണ്ണൂർ- കാസർകോട് ജില്ലകളിലെ തൊഴിലാളികളാണ് കെ.എസ്.ആർ.ടി.സിയിലെ മെല്ലെ പോക്കിൽ കുരുങ്ങിയത്.
ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സ്‌കാനിയ, വോൾവോ എ.സി ബസുകൾ തെക്കൻ ജില്ലകളിൽ നിന്നുണ്ടെങ്കിലും വടക്കൻ മലബാറിലെ യാത്രക്കാർക്ക് സ്വകാര്യ ബസുകൾ മാത്രമാണ് ആശ്രയം. ഉയർന്ന വാടകയും മാന്യമല്ലാത്ത പെരുമാറ്റവും മനം മടുപ്പിക്കുന്നുണ്ട്. അതേസമയം കെ.എസ്.ആർ.ടി.സിയാകട്ടെ യാത്രാ സുഖം കുറഞ്ഞ എക്‌സ്പ്രസ്, ഡിലക്‌സ് ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
തിരുവനന്തപുരത്ത് നിന്നും കെ.എസ്.ആർ.ടി.സിയുടെ സ്‌കാനിയ, വോൾവോ എ.സി ബസുകൾ കോഴിക്കോട് വഴിയാണ് ബംഗളൂരുവിലെത്തുന്നത്.
ശനി, ഞായർ ദിവസങ്ങളിലും ഉത്സവ സീസൺ സമയങ്ങളിലും ബംഗളൂരിൽ നിന്നും തിരിച്ചും നിരവധി യാത്രക്കാരാണ് ജില്ലയിൽ നിന്നും യാത്ര ചെയ്യുന്നത്. പക്ഷെ സ്ലീപ്പർ സൗകര്യവും എ.സി സൗകര്യവും ഇല്ലാത്തതിനാൽ പ്രയാസമാകും. റംസാൻ കാലമായതിനാൽ യാത്രക്കാരുടെ എണ്ണത്തിലും വൻ വർദ്ധനയുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യം ഉയരുന്നു.
സ്ക്വാനിയ,വോൾവോ ബസുകൾ തെക്കൻ ജില്ലകളിൽ നിന്ന് മാത്രം
ഉത്തരമലബാറിൽ നിന്നുള്ള ട്രാൻസ്.സർവീസുകൾ
പയ്യന്നൂർ - വൈകിട്ട് 5, രാത്രി എട്ട് ( എക്സ് പ്രസ്)
കണ്ണൂർ-രാത്രി 7, 8.15,9 (എക്സ് പ്രസ്)
തലശ്ശേരി-രാത്രി 8(ഡീലക്സ്),9(എക്സ് പ്രസ്)
കാസർകോട് -രാത്രി 8.30( സൂപ്പർ എക്സ് പ്രസ്)
കാഞ്ഞങ്ങാട്-വൈകിട്ട് 6.20(ഡീലക്സ്)