കാസർകോട് : ജനം എന്നെ തിരഞ്ഞെടുത്തു .ഇനി ശത്രുക്കളില്ല, മിത്രങ്ങൾ മാത്രം. വെറുപ്പിന്റെയും പകയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇല്ലാതാക്കണം.രാഷ്ട്രീയ പരിഗണനയില്ലാതെ മണ്ഡലത്തിലെ ജനങ്ങളെ സേവിക്കും-കാസർകോട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പരിപാടിയിൽ സംസാരിച്ചു തുടങ്ങിയത് ഇങ്ങനെ. . മണ്ഡലത്തിന്റെ സമഗ്ര വികസനം മാത്രമാണ് എന്റെ ലക്ഷ്യം. കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തു നിന്നും കാസർകോടിന് അർഹതപ്പെട്ട പദ്ധതികളും വിഹിതവും വാങ്ങിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും കാസർകോട് മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിൽ കണ്ടു ചർച്ച ചെയ്യുകയും കിട്ടാനുള്ളത് വാങ്ങിക്കുകയും ചെയ്യും. വികസനം വേറെ രാഷ്ട്രീയം വേറെ എന്നതായിരിക്കും എന്റെ നയം. മണ്ഡലത്തിലെ ജനങ്ങളുടെ ആരോഗ്യ, കുടിവെള്ള പ്രശ്‌നങ്ങൾക്കാണ് മുന്തിയ പരിഗണന . 12 നദികൾ ഉണ്ടായിട്ടും വേനൽ കാലത്ത് കടുത്ത വരൾച്ച നേരിടുന്ന ജില്ലയാണ് കാസർകോട്. കേന്ദ്ര സർവ്വകലാശാല മെഡിക്കൽ കോളേജ്, ഉക്കിനടുക്ക മെഡിക്കൽ കോളേജ് എന്നിവ യാഥാർഥ്യമാക്കാൻ പരിശ്രമിക്കും. കാസർകോട് ജില്ലയിൽ ഉന്നത മെഡിക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരാതിരിക്കാൻ മംഗളരുവിലെ വലിയ ലോബി പ്രവർത്തിക്കുന്നുണ്ട്. ഇവിടത്തെ രാഷ്ട്രീയ നേതാക്കൾക്കും ആ കച്ചവടത്തിൽ പങ്കുണ്ട്. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കും. കിഡ്‌നി രോഗികൾ ഏറെയുള്ള മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും ഡയാലിസിസ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ എം .പി ഫണ്ടിൽ നിന്ന് പണം ചിലവഴിക്കും. എം പിയായി ആദ്യം ഡൽഹിയിൽ പോയി തിരിച്ചുവരുന്നത് ഏതെങ്കിലും ഒരു തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചു കൊണ്ടായിരിക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡന്റ ടി .എ. ഷാഫി അധ്യക്ഷത വഹിച്ചു. അഡ്വ.സി. കെ. ശ്രീധരൻ, എൻ. എ. നെല്ലിക്കുന്ന് എം .എൽ. എ എന്നിവരും പങ്കെടുത്തു.സെക്രട്ടറി കെ. വി. പത്മേഷ് സ്വാഗതം പറഞ്ഞു
ക്യാമ്പ് ഓഫീസ് ജനങ്ങൾക്ക് എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്ത്
കാസർകോട് : എം പിയുടെ ക്യാമ്പ് ഓഫീസ് ഏഴ് അസംബ്ലി മണ്ഡലങ്ങളിലെയും പൊതുജനങ്ങൾക്ക് എളുപ്പം എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്ത് ആയിരിക്കുമെന്ന് ഉണ്ണിത്താൻ പറഞ്ഞു. ഓഫീസിലെത്തുന്ന ജനങ്ങളോട് മര്യാദക്ക് പെരുമാറുകയും എല്ലാ കാര്യങ്ങളും എന്നെ കൃത്യമായി അറിയിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫീസിൽ നിയമിക്കും. തെറ്റിദ്ധരിപ്പിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്നവരെ നിയമിക്കില്ല .പയ്യന്നൂർ,കല്ല്യാശ്ശേരി മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്തു തൃക്കരിപ്പൂരിൽ റീജണൽ ഓഫീസ് തുറക്കുന്ന കാര്യവും പരിഗണിക്കും. രാഷ്ട്രീയ പരിപാടികൾ പാർട്ടിയും മുന്നണിയും തീരുമാനിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു