തലശ്ശേരി: വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച കായ്യത്ത് റോഡ് ഹാജിറ മൻസിലിൽ സി.ഒ.ടി. നസീറിനെ (37) വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് വലയിലായെന്ന് സൂചന. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. പ്രതികളെത്തിയ പൾസർ ബൈക്കും കണ്ടെത്തി. കസ്റ്റഡിയിലുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് നസീറും ഒപ്പമുണ്ടായിരുന്ന നൗറിഫും ഉറപ്പുവരുത്തേണ്ടതുണ്ട്.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് മാരകായുധവുമായി ആക്രമിച്ചതെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നസീർ മൊഴി നൽകിയിരുന്നു. ഇവരെ തിരിച്ചറിയാനുള്ള ചില വിവരങ്ങളും നസീർ പൊലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തായിരുന്നു സംഭവം.

അക്രമം നടന്ന സ്ഥലത്തിനടുത്തുള്ള സ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് സംഘം പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് സൂചന. സംഭവത്തിൽ ഗൂഢാലോചന നടത്തിയ കൊളശ്ശേരിക്കാരനായ യുവാവിനെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണം നടത്തിയ മൂന്നംഗ സംഘത്തിന് പിന്നാലെ മറ്റൊരു സംഘം കൂടി സംഭവ സ്ഥലത്തെത്തിയിരുന്നുവെങ്കിലും ജനങ്ങളെ കണ്ട് തിരിച്ച് പോവുകയായിരുന്നുവത്രേ. സംഭവത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന പ്രാദേശിക നേതാവും പൊലീസിന്റെ നിരീക്ഷണത്തിലാണ്.