തലശ്ശേരി: സംസ്ഥാനരാഷ്ട്രീയത്തിലെ അതികായരായ കമ്യൂണിസ്റ്റ് നേതാക്കളുടെ തട്ടകമായ തലശ്ശേരിയിൽ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് നേതൃത്വത്തെ ഞെട്ടിച്ചു. അണികളെ നിരാശയിലാഴ്ത്തുന്നതുമായി ഈ ചോർച്ച.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന 23,039 വോട്ടിന്റെ ഭൂരിപക്ഷം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 34,117 ആയി ഉയർന്നിരുന്നു.എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഇത് 11000 വോട്ടായി ചുരുങ്ങി.ധർമ്മടത്തിന് പകരം
സി.പി.എം.ശക്തിദുർഗ്ഗങ്ങളായ പന്ന്യന്നൂരും ചൊക്ലിയും കൂട്ടി ചേർക്കപ്പെട്ടതോടെ എതിരാളികൾക്ക് ഒരു സാദ്ധ്യതയുമില്ലാത്ത തരത്തിലാണ് തലശ്ശേരിയുടെ രാഷ്ട്രീയാഭിമുഖ്യം.ഇതിന് പുറമെ ന്യൂ മാഹി, കതിരൂർ, എരഞ്ഞോളി പഞ്ചായത്തുകളും തലശ്ശേരി നഗരസഭയും ചേർന്നതാണ് മണ്ഡലം. എല്ലായിടത്തും ഇടത് ഭരണവുമാണ്.ആർ.എസ്.എസ് വോട്ട് വേണ്ടെന്ന് ഇ.എം.എസ് പ്രഖ്യാപിച്ച 1980 ലെ ഉപതിരഞ്ഞെടുപ്പിൽ ഇന്നത്തെ കരുത്ത് ഇല്ലാതിരുന്നിട്ടും മൃഗീയ ഭൂരിപക്ഷത്തിന് സി.പി.എം.നേതാവ് എം.വി.രാജഗോപാലനെ വിജയിപ്പിച്ച ചരിത്രമാണ് തലശ്ശേരിയ്ക്കുള്ളത്. പാട്യം ഗോപാലൻ, ഇ.കെ.നായനാർ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പ്രചാരണം കൂടാതെ തന്നെ വൻ ഭൂരിപക്ഷത്തിന് ജയം കണ്ടിട്ടുണ്ട് ഇവിടെ നിന്ന്. ഇക്കുറിയാകട്ടെ പൊടി പാറിയ പ്രചരണവും സംഘടനാസംവിധാനം ഉപയോഗിച്ചുള്ള കരുത്തുറ്റ സംഘാടകത്വവും ഒക്കെയുണ്ടായിട്ടും കാലിന്നടിയിലെ മണ്ണ് ഒലിച്ചുപോയത് ഗൗരവതരമായാണ് പാർടി കാണുന്നത്.
അതിനിടെ ചില പാർടി കേന്ദ്രങ്ങളിൽ നിന്നു തന്നെ ന്യൂ ജെൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങൾ സൂചിപ്പിക്കുന്നത് സംഘടനയ്ക്കകത്തെ സ്വരച്ചേർച്ചയില്ലായ്മയാണ്. തോറ്റതിൽ സങ്കടപ്പെടുന്നില്ലെന്നും, എന്നാൽ തോൽപ്പിച്ചവരുടെ തോൽവിക്കാണ് നാന്ദി കുറിച്ചതെന്നുമാണ് സന്ദേശം. സ്ഥാനാർത്ഥിയെ ബോധപൂർവ്വം ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങളും നടന്നതായി പാർടി അണികൾ ആക്ഷേപിക്കുന്നുണ്ട്. ജനതാദൾ പുതുതായി മുന്നണിയിലെത്തിയിട്ടും, വോട്ട് ചോർച്ച തടഞ്ഞു നിർത്താനായില്ലെന്ന ആക്ഷേപവുമുണ്ട്. ഏതായാലും വരും നാളുകളിൽ വോട്ട് ചോർച്ച സംബന്ധിച്ച് തലനാരിഴ കീറി കീഴ്ഘടകങ്ങളിലടക്കം ചർച്ച ചെയ്യപ്പെടുമെന്നുറപ്പായിട്ടുണ്ട്.