കാസർകോട്: മൂന്നു പതിറ്റാണ്ടിന്റെ ചെങ്കോട്ടയിലെ കുത്തക തകർത്ത വോട്ട് ചോർച്ചയെ കുറിച്ചുള്ള വിവാദം സി. പി.എമ്മിൽ വലിയ വിവാദത്തിന് വഴിവച്ചേക്കും. നെഹ്‌റുവിനെ വെല്ലുവിളിച്ചു എ.കെ.ജി പാർലമെന്റിൽ എത്തി പ്രതിപക്ഷ നേതാവായ പാരമ്പര്യം അവകാശപ്പെടുന്ന മണ്ഡലത്തിൽ സി.പിഎമ്മിനുണ്ടാക്കിയ ക്ഷീണത്തിൽ നിന്ന് കരകയറുക എളുപ്പമാകില്ല.

ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സി.പി.എമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കിൽ നിന്നാണ് ചോർച്ച സംഭവിച്ചിരിക്കുന്നത്. തോൽവി പരിശോധിക്കുമെന്ന് നേതാക്കൾ പറയുമ്പോഴും വോട്ടുകൾ ചോർന്നുപോയത് നേതൃത്വത്തിന് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പാർട്ടികേന്ദ്രത്തിൽ നിന്ന് ഉണ്ണിത്താന്റെ പെട്ടിയിലേക്ക് വോട്ടുകൾ ഒഴുകുകയായിരുന്നു. ഉദുമ എൽ.ഡി.എഫിന് നഷ്ടപ്പെടുകയും തൃക്കരിപ്പൂരും കാഞ്ഞങ്ങാടും യു.ഡി.എഫുമായുള്ള വിത്യാസം വെറും രണ്ടായിരം വോട്ടുകളിൽ എത്തുകയും ചെയ്തത് സി.പി. എമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കൂടെയായിരുന്ന എൽ.ജെ.ഡി ഇടതുമുന്നണിയുടെ ഭാഗമായിട്ടുകൂടി തൃക്കരിപ്പൂരും കാഞ്ഞങ്ങാടും അടിപതറിയതാണ് മുന്നണിക്ക് ക്ഷീണമായത്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ നേടുന്ന 30000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കാമെന്ന അവസാനനിമിഷം വരെയുള്ള സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളാണ് ചെങ്കോട്ടയായ മടിക്കൈയും കിനാനൂർ കരിന്തളവും ഉൾപ്പെടുന്ന മണ്ഡലത്തിലെ വോട്ടർമാർ തകർത്തത്.

2016 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ മന്ത്രി ഇ. ചന്ദ്രശേഖരന് കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൺപതിനായിരം വോട്ടും കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ സതീഷ് ചന്ദ്രന് 74731 വോട്ടുകളാണ് ലഭിച്ചത്. ഭൂരിപക്ഷം വെറും രണ്ടായിരത്തിൽ താഴെ മാത്രവും. നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എമ്മിലെ കെ. കുഞ്ഞിരാമൻ 70673 വോട്ട് നേടിയിരുന്ന ഉദുമ മണ്ഡലത്തിൽ ഇത്തവണ കെ.പി സതീഷ് ചന്ദ്രന് ലഭിച്ചത് 63387 വോട്ടുകൾ മാത്രമാണ്. തൃക്കരിപ്പൂർ അസംബ്ലി മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 16000 ത്തില്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ എം. രാജഗോപാലൻ വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം വെറും രണ്ടായിരമാക്കി ചുരുക്കാൻ ഉണ്ണിത്താന് കഴിഞ്ഞു. ജനകീയ എം.എൽ.എയുടെ പ്രതിച്ഛായ നിലവിലുള്ളതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അടക്കം വോട്ടുകൾ കൂടുതലായി സതീഷ് ചന്ദ്രന് കിട്ടുമെന്ന് പ്രതീക്ഷിച്ച മണ്ഡലത്തിലാണ് കനത്തപരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. പാർട്ടിക്കുള്ളിൽ ഈ വിഷയം എന്തുമാത്രം ചർച്ച ചെയ്യപ്പെടും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.