കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ഇന്ന് നടക്കും.കോട്ടയം കിഴക്കേകോവിലകത്തു നിന്ന് എത്തിച്ച അഭിഷേക സാധനങ്ങളും പേരാവൂരിനടുത്തുള്ള വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ സന്നിധാനത്ത് എത്തിക്കും. വ്രതാനുഷ്ഠാനത്തോടെ കറന്നെടുത്ത പശുവിൻ പാൽ മുളങ്കുറ്റിയിലാക്കി വാഴയില കൊണ്ട് വായ്‌പ്പൊതി കെട്ടി ഭദ്രമാക്കി ആചാരക്കുടയുമെടുത്ത് അകമ്പടിക്കാരുമായി സ്ഥാനികൻ സന്ധ്യയ്ക്ക് മുമ്പായി കൊട്ടിയൂരിലെത്തും.

ഉഷഃപൂജയ്ക്ക് ശേഷമാണ് തിരുവോണം ആരാധനാ പൂജ നടക്കുന്നത്.തുടർന്ന് പന്തീരടി കഴിഞ്ഞാൽ ശീവേലിക്ക് സമയമറിയിച്ച് 'ശീവേലിക്ക് വിളിക്കുന്നതോടെ' എഴുന്നള്ളത്തിന് തുടക്കമാവുന്നു.

തിരുവോണം ആരാധനാ ദിവസത്തെ പൊന്നിൻ ശീവേലിക്ക് വിശേഷ വാദ്യങ്ങൾ ആരംഭിക്കും. ആനകൾക്ക് സ്വർണ്ണവും (ശ്രീപാർവ്വതി) വെള്ളിയും (ശ്രീ പരമേശ്വരൻ ) കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടവും മറ്റലങ്കാരങ്ങളും ഉണ്ടായിരിക്കും. സ്വർണ്ണക്കുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളിക്കിടാരം, വെളളിത്തട്ട് തുടങ്ങിയ
വിശിഷ്ട പൂജാ പാത്രങ്ങൾ ശീവേലിക്ക് അകമ്പടിയായി എഴുന്നള്ളിക്കും. തിരുവോണം ആരാധന മുതൽ പഞ്ചവാദ്യങ്ങൾക്ക് തുടക്കമാവും. കോവിലകത്തു നിന്നും എഴുന്നള്ളിച്ച് കൊണ്ടുവന്ന സാധനങ്ങൾ ഉപയോഗിച്ച് കളഭാഭിഷേകവും നടക്കും. പൊന്നിൻ ശീവേലിക്ക് ശേഷം അത്താഴപൂജ കഴിഞ്ഞ് പാലമൃത് അഭിഷേകം നടക്കും. ഈ ദിവസം മുതലാണ് മത്തവിലാസം കൂത്ത് പൂർണ രൂപത്തിൽ ആരംഭിക്കുന്നത്.

വൈശാഖോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വെപ്പും നാളെ നടക്കും. കണ്ണൂർ കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലുള്ള ഇളനീർ മഠങ്ങളിൽ നിന്നാണ് കൊട്ടിയൂരിലേക്ക് ഇളനീർക്കാവുകളുമായി വ്രതക്കാർ എത്തിച്ചേരുന്നത്. കോട്ടയം നാട്ടുരാജ്യത്തിലെ തീയ്യ സമുദായാംഗങ്ങൾക്ക് മാത്രമാണ് ഇളനീർ വെപ്പിന് അവകാശമുള്ളത്. എരുവെട്ടി, കുറ്റിയാടി, കാവിലയത്തൂര്, മുടിശ്ശേരി, മേക്കിലേരി, കുറ്റിയൻ, തെയ്യൻ എന്നീ ജന്മാവകാശികളായ തണ്ടാന്മാരാണ് പ്രക്കൂഴം മുതൽ കഠിന വ്രതമനുഷ്ഠിച്ച് ഇളനീർ വെപ്പിന് എത്തുക. ഇതിൽ എരുവെട്ടിത്തണ്ടയാൻ പ്രഥമസ്ഥാനം വഹിക്കുന്നു.

രാത്രിയിലെ പന്തീരടി പൂജ കഴിഞ്ഞ് കിഴക്കേ നടയിൽ ഭണ്ഡാരത്തിനടുത്ത് കുടിപതിമാരിലെ കാരണവർ വെള്ളിക്കിടാരം സ്ഥാപിക്കും.ശ്രീഭൂതബലി കഴിഞ്ഞ് തിരുവഞ്ചിറയിലെ കിഴക്കേ നടയിൽ നിർദ്ദിഷ്ട സ്ഥാനത്ത് കാര്യത്ത് കൈക്കോളൻ തട്ടും പോളയും വെക്കുന്നതോടെ വ്രതക്കാർ തട്ടും പോളയും വലം വച്ച് ഇളനീർ കാവുകൾ സമർപ്പിച്ച് വെള്ളിക്കിടാരത്തിൽ കാണിക്കയർപ്പിച്ച് പടവുകൾ കയറും.വൈശാഖോത്സവത്തിന്റെ അതിപ്രധാന ചടങ്ങായ ഇളനീരാട്ടം നാളെ നടക്കും.അഷ്ടമി ആരാധനയും മുത്തപ്പൻ വരവും നാളെയാണ് നടക്കുന്നത്.