കാസർകോട്: കെ.പി.സി.സി. നിർവാഹക സമിതി അംഗവും അധ്യാപക അവാർഡ് ജേതാവും ചെങ്കള പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ബാലകൃഷ്ണ വോർക്കുഡ്ലു (70) നിര്യാതനായി. കാസർകോട് ജില്ലയിലെ മുതിർന്ന സഹകാരിയായ ഇദ്ദേഹം ചെങ്കള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. കാസർകോട് ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ, വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബാലകൃഷ്ണ എടനീർ സ്വാമിജീസ് ഹൈസ്കൂളിൽ ഏറെക്കാലം അധ്യാപകൻ ആയിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. വിദ്യാനഗറിലെ ഡി.സി.സി ഓഫീസിലും ചെങ്കള സഹകരണ ബാങ്കിലും പൊതുദർശനത്തിന് വെച്ച ശേഷം എടനീരിലെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നുരാവിലെ ഏഴിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ശാന്തകുമാരി (ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ). മക്കൾ: ദീപക് (ഗൾഫ്), അമ്പിളി.