കണ്ണൂർ: വടകരയിൽ കെ.മുരളീധരനോട് പരാജയപ്പെട്ടതോടെ സി.പി.എം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജന് പാർട്ടി എൽപ്പിക്കുന്ന അടുത്ത ചുമതല എന്താണെന്ന് ഉറ്റുനോക്കുകയാണ് പാർട്ടി പ്രവർത്തകരും അണികളും. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരവ് പെട്ടെന്ന് സാധ്യമല്ല. കാരണം വടകരയിൽ സ്ഥാനാർത്ഥിയായതോടെ അദ്ദേഹത്തിന് പകരം എം.വി ജയരാജനെ പാർട്ടി ആ സ്ഥാനത്ത് നിയോഗിച്ചിരുന്നു. സാധാരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജില്ലാ സെക്രട്ടറിമാരുടെ ചുമതല താത്കാലിമായി മറ്റൊരു നേതാവിന് നൽകുകയാണ് പതിവ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ആ സ്ഥാനത്തേക്ക് അവർക്ക് തിരിച്ചുവരാനാവും. എന്നാൽ, ജയരാജന് ആ സാദ്ധ്യത തീരെ കുറവാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ കണ്ണൂർ രാഷ്ട്രീയത്തിൽ കരുത്തനായ പി. ജയരാജന്റെ അടുത്ത ചുമതല എന്താവും എന്ന ചോദ്യം അണികൾക്കിടയിൽ ഉയർന്നിട്ടുണ്ട്.
വടകരയിൽ ജയരാജൻ വിജയിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ഇത്തരമൊരു തീരുമാനം പാർട്ടി സ്വീകരിച്ചത്. ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന വടകരയിൽ പി. ജയരാജന് അടിതെറ്റില്ല എന്നുതന്നെയാണ് പാർട്ടി വിശ്വസിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്തെ യു.ഡി.എഫ് തരംഗത്തിൽ അദ്ദേഹത്തിനും പിടിച്ചുനിൽക്കാനായില്ല. നിലവിൽ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും അംഗമാണ് ജയരാജൻ.
കണ്ണൂർ രാഷ്ട്രീയത്തിലെന്നല്ല കേരള രാഷ്ട്രീയത്തിലെതന്നെ കരുത്തനെന്നാണ് പി.ജയരാജനെക്കുറിച്ച് പറയുന്നത്. അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നെങ്കിലും കേരളത്തിന്റെ അധികാരവഴികളിൽ മറ്റാരേക്കാളും ശക്തനാണ് അദ്ദേഹം. അതുതന്നെയാണ് പലവേളകളിലും പി. ജയരാജൻ വിമർശിക്കപ്പെടാനും കാരണമായത്. വ്യക്തിപൂജയ്ക്ക് അദ്ദേഹം പിന്തുണ നൽകിയെന്ന കുറ്റം പാർട്ടിയും അദ്ദേഹത്തിനുമേൽ ചുമത്തിയിരുന്നു. എന്നിട്ടും അണികൾക്കിടയിൽ ജയരാജന്റെ സ്വീകാര്യതയ്ക്ക് ഉലച്ചിൽ സംഭവിച്ചിരുന്നില്ല.
കൊലപാതക രാഷ്ട്രീയമെന്ന ആരോപണം പാർട്ടിയെക്കാളും വേട്ടയാടിയത് ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജനെയാണ്. വടകര പിടിക്കാൻ ഇക്കുറി കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന പാർട്ടി തീരുമാനത്തിൽ നിയോഗിക്കപ്പെട്ടത് ജയരാജനായിരുന്നു. വടകര ലോക്സഭാ മണ്ഡലത്തിൽ ശക്തമായ പ്രവർത്തനം നടത്തിയിട്ടും പക്ഷേ, വിജയിക്കാനായില്ല. പാർട്ടിക്കുവേണ്ടി എല്ലാ വിമർശനങ്ങളും നെഞ്ചേറ്റിയ ജയരാജന് ഇനി പാർട്ടി കാത്തുവച്ചിരിക്കുന്ന സ്ഥാനം എന്താവും എന്നാണ് അണികൾക്കിടയിലെ ചർച്ച. പുതുതായി രൂപീകരിക്കപ്പെടുന്ന കേരള ബാങ്കിന്റെ ചെയർമാനായി ജയരാജനെ നിയമിച്ചേക്കുമെന്ന തരത്തിൽ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാൻ സി.പി.എം നേതൃത്വം തയ്യാറായിട്ടില്ല.