നീലേശ്വരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സി.പി.എം കോട്ടകളിൽ പോലും പരക്കെ വോട്ടുകൾ ചോർന്നപ്പോൾ നീലേശ്വരം നഗരസഭയിൽ ഇടതുമുന്നണി വോട്ടുചോരാതെ പിടിച്ചുനിന്നു.
തൃക്കരിപ്പൂർ മണ്ഡലത്തിലെ നീലേശ്വരം നഗരസഭയിൽ 24984 വോട്ടുകളിൽ എൽ.ഡി.എഫിന് 11759 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിന് 10656 ഉം, എൻ.ഡി.എക്ക് 2306 വോട്ടുമാണ് ലഭിച്ചത്. ഇടതുപക്ഷത്തിന്റെ കണക്ക് പ്രകാരം 2300 വോട്ട് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതലാണ്. ചില ബൂത്തുകളിൽ വോട്ട് വർദ്ധനയുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു. മടിക്കൈ പഞ്ചായത്തിൽ ആകെ പോൾ ചെയ്ത 15748 വോട്ടിൽ എൽ.ഡി.എഫിന് 11181 ഉം, യു.ഡി.എഫിന് 2104 വോട്ടും എൻ.ഡിഎക്ക് 2208 വോട്ടും ലഭിക്കുകയുണ്ടായി. എന്നാൽ ബങ്കളത്ത് 140 വോട്ടും ആലയിൽ 50 വോട്ടും എൽ.ഡി.എഫിൽ നിന്ന് ചോർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു
കിനാനൂർ കരിന്തളം പഞ്ചായത്തിൽ 21674 വോട്ടിൽ എൽ.ഡി.എഫിന് 10631 വോട്ടും യു.ഡി.എഫിന് 9204 വോട്ടും, എൻ.ഡി.എക്ക് 1220 വോട്ടുമാണ് ലഭിച്ചത്. പരപ്പ, കുരാങ്കുണ്ട്, കമ്മാടം എന്നീ പ്രദേശങ്ങളിൽ എൽ.ഡി.എഫിന് പ്രതീക്ഷിച്ച വോട്ട് ലഭിക്കുകയുണ്ടായില്ല. ചായ്യോത്ത് 190, 191 ബൂത്തുകളിലും എൽ.ഡി.എഫ് പ്രതീക്ഷിച്ച വോട്ട് ലഭിക്കുകയുണ്ടായില്ല.
നീലേശ്വരം നഗരസഭ, മടിക്കൈ പഞ്ചായത്ത്, കിനാനൂർ കരിന്തളം പഞ്ചായത്ത് എന്നിവയൊക്കെ സി.പി.എം ആണ് ഭരിക്കുന്നത്. ഈ മൂന്ന് തദ്ദേശ ഭരണ പ്രദേശത്തെ സി.പി.എം നേതൃത്വവും അനുയായികളും കെ.പി. സതീഷ് ചന്ദ്രന്റെ തോൽവി ഗൗരവതരമായാണ് കാണുന്നത്.