തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വോട്ട് ചോർച്ച സംബന്ധിച്ച വിലയിരുത്തലിൽ സി.പി.എമ്മിന് മുന്നിലെത്തിയത് ഉറച്ച കോട്ടകളിലുണ്ടായ തിരിച്ചടി.തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടായിരത്തോളം യു.ഡി.എഫ് വോട്ടുകൾ തള്ളിക്കാൻ സാധിച്ചിട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന് മണ്ഡലം 725 വോട്ടിന്റെ ഭൂരിപക്ഷം നൽകിയത് കാലടിയിലെ മണ്ണ് ചോരുന്ന അനുഭവമായി.
2016ൽ 40 617 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തളിപ്പറമ്പിൽ നിന്ന് ജെയിംസ് മാത്യു രണ്ടാം വിജയം നേടിയത് .അതിന് മുമ്പ് ലോക് സഭ തിരഞ്ഞെടുപ്പിൽ പി.കെ.ശ്രീമതിയ്ക്ക് 14219 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചതാണ്. ഈ ലീഡൊക്കെ മറികടന്നാണ് കെ.സുധാകരൻ ചെറുതെങ്കിലും മണ്ഡലത്തിന്റെ ആധിപത്യം അവസാനിപ്പിച്ച ലീഡ് സ്വന്തമാക്കിയത്.
മണ്ഡലത്തിൽ യു.ഡി.എഫിന് കരുത്തുള്ളത് തളിപ്പറമ്പ് നഗരസഭയിലാണ്. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ5310 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ യു.ഡി.എഫിന് ഉണ്ടായിരുന്നത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഇത് 9596 ആയി വർദ്ധിപ്പിക്കാൻ അവർക്ക് സാധിച്ചു. മുസ്ലിം ലീഗിന്റെ കോട്ടയായ 13 ബൂത്തുകളിൽ നിന്നാണ് കൂടുതലും വോട്ട് കൂടിയത്. ഇതി്ന് പുറത്തുള്ള മറ്റു ബൂത്തു കളിലും വോട്ട് വർദ്ധിപ്പിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. ഇടത് ഭൂരിപക്ഷമുള്ള ചില ബൂത്തുകളിൽ ചെറിയതോതിലെങ്കിലും ലീഡ് നേടാനും അവർക്കായി.
സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയായ ആന്തൂരും ചുവപ്പ് കോട്ടയായ മലപ്പട്ടവും കുറുമാത്തൂരും പരിയാരവും മറികടന്നാണ് സുധാകരൻ നിയോജകമണ്ഡലത്തിൽ ലീഡ് നേടിയത്.ഇതിൽ കുറുമാത്തൂർ പഞ്ചായത്തിൽ യു.ഡി.എഫ് 161 വോട്ടിന്റെ ലീഡും നേടി. ചപ്പാരപ്പടലിൽ 4354 ,കൊളച്ചേരിയിൽ 5003 വീതം സുധാകരന് ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇടതുകോട്ടയായ പരിയാരത്ത് 1300 വോട്ടിന്റെ ഭൂരിപക്ഷം മാത്രാണ് എൽ.ഡി.എഫിന് ലഭിച്ചത് . മയ്യിൽ പഞ്ചായത്തിൽ 2496 ,മലപ്പട്ടത്ത് 2290 , കുറ്റിയട്ടൂരിൽ 2175 വോട്ടും മാത്രമെ എൽ.ഡി.എഫിന് ലീഡ് ലഭിച്ചുള്ളു.
1970 ൽ അന്നത്തെ തളിപ്പറമ്പ് എം.എൽ.എ. ആയിരുന്ന പരേതനായ കെ.പി. രാഘവപൊതുവാളിനെ 909 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സി.പി. ഗോവിന്ദൻ നമ്പ്യാർ പരാജയപ്പെടുത്തിയതാണ് ഇതുവരെയുള്ള തളിപ്പറമ്പിലെ വലതുവിജയം. ഇതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പിൽ എം.വി.രാഘവനെ ഇറക്കി സി.പി.എം സീറ്റ് പിടിച്ചെടുത്തു. എന്നാൽ സംസ്ഥാന ശ്രദ്ധ നേടിയ വയൽക്കിളി സമരത്തിന്റെ പേരിൽ സുധാകരന് കാര്യമായ വോട്ട് പിടിച്ചെടുക്കാൻ സാധിച്ചില്ലെന്നതും ശ്രദ്ധേയമായി.