ബങ്കളം(കാസർകോട്): ഒരു കാൽ നഷ്ടപെട്ട ബങ്കളത്തെ വി. കുഞ്ഞിരാമൻ എ.പി.എൽ കാർഡാക്കി മാറ്റിയ റേഷൻ കാർഡ് ബി.പി.എൽ ആക്കി കിട്ടുന്നതിന് മുട്ടാത്ത വാതിലുകളില്ല. ജീവിതം വഴിമുട്ടിയപ്പോൾ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടെങ്കിലും രക്ഷയില്ലാതായിരിക്കുകയാണ് കുഞ്ഞിരാമൻ. അധികാരികളുടെ വാതിലുകളൊന്നും തുറക്കാതായപ്പോൾ മരുന്നുവാങ്ങാൻ പോലും കാശില്ലാതെ കഷ്ടപ്പെടുകയാണ് കുഞ്ഞിരാമന്റെ നിർദ്ധന കുടുംബം.

ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തിയിരുന്ന മടിക്കൈ ബങ്കളം കക്കാട്ടെ വി. കുഞ്ഞിരാമന്റെ ഇടത് കാൽ മുറിച്ചു മാറ്റിയത് രണ്ട് വർഷം മുമ്പാണ്. പ്രമേഹ രോഗം കൂടുതലായതാണ് കാല് മുറിച്ചു മാറ്റാൻ കാരണമായത്. കുഞ്ഞിരാമന്റെ ഇടത് കാൽ മുറിക്കുന്നത് വരെ ഈ കുടുംബം ബി.പി.എൽ ആയിരുന്നു. കാലുമുറിച്ചു മാറ്റിയതിന് ശേഷമാണ് കണ്ണിൽ ചോരയില്ലാത്ത ഉദ്യോഗസ്ഥവൃന്ദം ഇദ്ദേഹത്തിന്റെ പാവപ്പെട്ട കുടുംബത്തെ ദാരിദ്ര്യരേഖക്ക് മുകളിൽ ആക്കി നിഷ്‌കരുണം മാറ്റിയത്.

ബി.പി.എൽ കാർഡ് ഇല്ലാതായതോടെ ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും തടസപ്പെടുകയും കുടുംബം പട്ടിണിയിലാവുകയും ചെയ്തു. ദിനേശ് ബീഡി തൊഴിലാളിയായിരുന്നു കുഞ്ഞിരാമന്റെ ഭാര്യ ലക്ഷ്മി. മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ ആയതോടെ പാർട്ടി ഏല്പിച്ച 'ജോലി തിരക്ക്' കാരണം ദിനേശ് ബീഡിയിൽ ഉണ്ടായിരുന്ന പണിയും ലക്ഷ്മിക്ക് രാജിവയ്ക്കേണ്ടിവന്നു. കുഞ്ഞിരാമന്റെ ലോട്ടറി കച്ചവടവും നിലച്ചതോടെ വീട്ടിലെ അടുപ്പ് വല്ലപ്പോഴും പുകയുന്നതായി.

പാർട്ടി പ്രവർത്തകരായിരുന്നു കുഞ്ഞിരാമനും ലക്ഷ്മിയും. മഹിളാ അസോസിയേഷൻ മടിക്കൈ സൗത്ത് വില്ലേജ് പ്രസിഡന്റ് ആയിരുന്നു അടുത്തകാലം വരെ ലക്ഷ്മി. ഇവർക്ക് രണ്ട് പെൺമക്കളുമാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കുടുംബം നേരിൽകണ്ട് ബി.പി.എൽ വിഷയം അറിയിച്ചത്. അതുപ്രകാരം ജില്ലാ കളക്ടറേയും തഹസിൽദാറെയും സപ്ലൈ ഓഫീസറെയും എല്ലാം കണ്ടു കാര്യങ്ങൾ ഉണർത്തിച്ചു. എന്നാൽ അധികാരികളാരും ഇതുവരെയും കനിഞ്ഞില്ല. മരുന്നുവാങ്ങാനും ജീവിക്കാനും കാശില്ലാതെ നട്ടംതിരിയുകയാണ് ഇന്ന് ഈ കുടുംബം.

വി. കുഞ്ഞിരാമൻ