മട്ടന്നൂർ: തിരഞ്ഞെടുപ്പിലെ വൻവിജയത്തിന് ശേഷം മട്ടന്നൂർ എടയന്നൂരിൽ സ്വീകരണത്തിനെത്തിയ കെ.സുധാകരന്റെ കണ്ണുകൾ കൊല്ലപ്പെട്ട ഷുഹൈബിന്റെ സ്മരണയ്ക്കു മുന്നിൽ ഈറനണിഞ്ഞു. തന്റെ ബോസ് എം പി യായി കാണണമെന്ന ആഗ്രഹം എപ്പോഴും ഷുഹൈബ് പറയുമായിരുന്നുവെന്ന് വികാരാധീനനായി അദ്ദേഹം പറഞ്ഞു.
ഷുഹൈബിന്റെ വീട് ഉൾകൊള്ളുന്ന മീത്തലെപാലയാട് ബൂത്തിൽ 142 വോട്ടിന്റെ ലീഡാണ് കെ സുധാകരന് ലഭിച്ചത്.ചരിത്രത്തിലാദ്യമായി കീഴല്ലൂർ പഞ്ചായത്തിൽ 11 വോട്ടിന് യു.ഡി.എഫ് മുന്നിലെത്തുകയും ചെയ്തു. എടയന്നൂരിലെ സ്വീകരണത്തിനു ശേഷമാണ് ഷുഹൈബിന്റെ ഖബറിടത്തിൽ എത്തിയത്. ഐൻ ടി യു സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, സുമാ ബാലകൃഷ്ണൻ ,ചന്ദ്രൻ തില്ലങ്കേരി, റിജിൽ മാക്കുറ്റി , കെ പ്രശാന്ത് എന്നിവരും ഷുഹൈബിന്റെ പിതാവ് മുഹമ്മദും കൂടെയുണ്ടായിരുന്നു.