തലശ്ശേരി:വൈശാഖോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ വ്രതാനുഷ്ഠാനങ്ങളോടെ ആയിരങ്ങൾ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഇളനീർ കാവുകളുമായെത്തി. വിവിധ മീങ്ങളിൽ നിന്നും സങ്കേതങ്ങളിൽ നിന്നുമായി കാൽനടയായി, വ്രതശുദ്ധിയോടെയെത്തിയ ഭക്തർ ഓംകാരം മുഴക്കിയാണ് ക്ഷേത്രം വലം വെച്ച് ഇളനീർ കാവുകൾ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് സമർപ്പിച്ചത്.
1908 ൽ ഗുരുദേവൻ ഇടവമാസത്തിലെ ചതയവും, സപ്തമിതിഥിയും സംഗമിക്കുന്ന മുഹൂർത്തത്തിൽ ആദ്യമായി ഇളനീരഭിഷേകം നടത്തിയതിന്റെ വിശുദ്ധ സ്മരണയിലാണ് ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ട മഹോത്സവം നടത്തി വരുന്നത്.ഇന്നലെ രാത്രി 10.19 ന് നടന്ന ഇളനീർ വെപ്പിന് ശാന്തിമാരായ സബീഷ്, പി.വി. വിനു, ശെൽവരാജ്, ശശിധരൻ, ലജീഷ് എന്നിവർ കാർമ്മികത്വം വഹിച്ചു.ശിവഗിരി മഠത്തിലെ പ്രേമാനന്ദ സ്വാമികൾ, ജ്ഞാനോദയ യോഗം ഡയറക്ടർമാരായ സി. ഗോപാലൻ, എൻ.വി.രാജീവൻ, വിജയരാഘവൻ, രാഘവൻ പൊന്നമ്പത്ത്, കല്ലേൻ ശിവനാഥ്, വിവിധ ശ്രീനാരായണ മഠം ഭാരവാഹികളായ പി.സി.രഘുറാം മാസ്റ്റർ, സി.പി. സുധീർ, വേണുഗോപാൽ, കെ.ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഞായറാഴ്ച രാത്രി 10.20ന് ഭക്ത്യാദര ചടങ്ങുകളോടെ ഇളനീരഭിഷേകം നടത്തും. ഇളനീർ വെപ്പിന് ഇത്തവണ അഭൂതപൂർവ്വമായ ജനക്കൂട്ടമാണ് ക്ഷേത്ര ദർശനത്തിനെത്തിയത്.