കണ്ണൂർ: ശബരിമല വിഷയത്തിൽ സർക്കാരിനു പിഴവു പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും ആവർത്തിക്കുന്നതിനിടെ, ഇടതു മുന്നണിയുടെ പരാജയത്തിനു കാരണം ശബരിമല കൂടിയാണെന്ന തിരുത്തൽ സ്വരവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും തോൽവിക്കു പിന്നിൽ ശബരിമല വിഷയം കൂടിയുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് വോട്ട് ചോർന്നിട്ടുണ്ടെന്നുമാണ് കഴിഞ്ഞദിവസം തളിപ്പറമ്പിൽ നടന്ന കെ.എസ്.ടി.എ പഠനക്യാമ്പിൽ ഗോവിന്ദൻ പറഞ്ഞത്.

വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനം സി.പി.എം ഉദ്ദേശിക്കുന്നില്ലെന്ന മുഖവുരയോടെയാണ് ഗോവിന്ദൻ പ്രസംഗം തുടങ്ങിയത്. വിശ്വാസിയും അവിശ്വാസിയും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം നിർത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് സി.പി.എം മനസ്സിലാക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ശബരിമല വിഷയത്തിൽ സി.പി.എമ്മും സർക്കാരും സ്വീകരിച്ച നിലപാട് തെറ്റിദ്ധരിക്കപ്പെട്ടു എന്നത് വസ്‌തുതയാണ്. വിശ്വാസികളെയും മതത്തെയും അവസാനിപ്പിക്കുക സി.പി.എം അജൻഡയല്ല. കായികബലം കൊണ്ട് വൈരുദ്ധ്യാത്മക ഭൗതികവാദിയാകാനില്ല- ഗോവിന്ദൻ പറഞ്ഞു.

സർക്കാരിന് തെറ്റു പറ്റിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിന്തുണച്ചെങ്കിലും, വിരുദ്ധമായ അഭിപ്രായപ്രകടനങ്ങൾ ചില മന്ത്രിമാരുടെ ഭാഗത്തുനിന്നു തന്നെ ഉയർന്നിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പാർട്ടി ഗ്രാമങ്ങളിലുണ്ടായ വോട്ടു ചോർച്ച ശബരിമല വിഷയവുമായി ചേർത്തു വായിക്കണമെന്ന അഭിപ്രായവും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്.

വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ എതിർകക്ഷികൾക്കു കഴിഞ്ഞെന്നായിരുന്നു കഴി‌ഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ശബരിമലയുടെ പേരെടുത്ത് പറയാതെയായിരുന്നു ഇത്. എന്നാൽ, പാർട്ടിയുടെ മുതിർന്ന അംഗം കൂടിയായ എം.വി. ഗോവിന്ദൻ ശബരിമല വിഷയവുമായി നേരിട്ട് രംഗത്തുവന്നത് നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്.