തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾ ഏറെ ആശ്രയിച്ചുവരുന്ന തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനോട് ബന്ധപ്പെട്ട അധികൃതർ കാണിക്കുന്ന കടുത്ത അവഗണന മാറ്റിയെടുക്കാൻ പുതുതായി ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട രാജ്‌മോഹൻ ഉണ്ണിത്താൻ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ ജനങ്ങൾ. ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിച്ച സ്റ്റേഷനിൽ പേരിനുമാത്രമുള്ള ചില നിർമ്മാണങ്ങൾ നടത്തിയെന്നല്ലാതെ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ആവശ്യപ്പെട്ടതൊന്നും നടപ്പിലാക്കാൻ റെയിൽവേ ഇതുവരെയും തയാറായിട്ടില്ല.
തൃക്കരിപ്പൂർ പഞ്ചായത്തിനുപുറമെ വലിയപറമ്പ, പയ്യന്നൂർ നഗരസഭയിലെ കാറമേൽ, കരിവെള്ളൂർ പെരളം പഞ്ചായത്തിലെ കുണിയൻ, കരിവെള്ളൂർ കൂടാതെ കിഴക്കൻ മലയോരമേഖലയായ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ നിന്നുവരെ യാത്രക്കാർ തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് സ്റ്റേഷന്റെ വികസനത്തിന് വിലങ്ങുതടിയാവുകയാണ്.
രണ്ടു പാസഞ്ചർ, മലബാർ എക്‌സ്‌പ്രസ്സ്, തിരുവനന്തപുരം എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾക്കാണ് നിലവിൽ ഇവിടെ സ്റ്റോപ്പുള്ളത്. രാവിലെ ഒൻപതരയോടെ കോയമ്പത്തൂരിലേക്കു പോകുന്ന പാസഞ്ചർ കടന്നുപോയാൽ വൈകീട്ട് നാലുമണിയോടെ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കു പോകുന്ന എക്‌സ്‌പ്രസ്സ് ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതുവരെ മറ്റൊരു വണ്ടിക്കും ഇവിടെ സ്റ്റോപ്പില്ല. എങ്കിലും മാസത്തിൽ ഒരു ലക്ഷത്തോളം രൂപ ഈ റെയിൽവേ സ്റ്റേഷനിൽ നിന്നും റെയിൽവേക്ക് വരുമാനമുണ്ട്. ദീർഘദൂര വണ്ടികളായ പരശുറാം, എഗ്മോർ എന്നീ ട്രെയിനുകളിൽ ഏതിനെങ്കിലും ഒന്നിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ബധിരകർണ്ണങ്ങളിലാണ് പതിച്ചത്. ഏറെ നാളത്തെ മുറവിളിക്കൊടുവിലാണ് ചോർന്നൊലിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിന് പകരം പുതിയ ഓഫീസ് കെട്ടിടം ഉയർന്നത്. എന്നാൽ ഫ്‌ളാറ്റ് ഫോമിൽ മേൽക്കൂര ഇല്ലാത്തതിനാൽ വെയിലും മഴയും കൊണ്ടാണ് യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുന്നത്.
നിലവിലുള്ള സ്റ്റേഷന്റെ കിഴക്കുഭാഗത്തായി മറ്റൊരു ഓഫീസ് കെട്ടിടം സ്ഥാപിക്കണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറും കിഴക്കുമായി ഇരുപത് ഏക്കറോളം സ്ഥലം കാടുകയറി ഉപയോഗശൂന്യമായി കിടക്കുന്നുമുണ്ട്. സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുനിന്നാണ് കൂടുതലായും യാത്രക്കാർ എത്തുന്നത്. എങ്കിലും വടക്കു ഭാഗത്തെ വഴിയിൽക്കൂടി പ്ലാറ്റ്ഫോമിലേക്ക് കയറണമെങ്കിൽ അഭ്യാസം അറിഞ്ഞിരിക്കണം. കൂറ്റൻ കല്ലുകളാണ് സ്റ്റെപ്പുകൾക്ക് പകരമായി ഇവിടെ ഉള്ളത്. ശൗചാലയം പണിതിട്ടുണ്ടെന്നല്ലാതെ പൂട്ടിയിട്ടിരിക്കയാണ്.
മേൽക്കൂരയില്ലാത്ത തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ
കല്ല് ഉയർന്നു നിൽക്കുന്ന ഫ്‌ളാറ്റ്‌ഫോമിലേക്കുള്ള വടക്കുഭാഗത്തെ കവാടം
അടിയന്തരമായി വേണ്ടത്
എഗ്‌മോറിനോ പരശുറാമിനോ സ്റ്റോപ്പ്
പ്ലാറ്റ്‌ഫോമിൽ മേൽക്കൂര പണിയൽ
ശൗചാലയം പ്രവർത്തനക്ഷമമാക്കൽ
ഫ്‌ളാറ്റ് ഫോമിലേക്കുള്ള സ്റ്റെപ്പ് നവീകരണം
തരിശുഭൂമി ഉപയോഗപ്പെടുത്തൽ