കാസർകോട്: ഗ്രൂപ്പ് പോരും വ്യക്തിതാല്പര്യങ്ങളും കാരണം ദുർബലമായ ജില്ലയിലെ കോൺഗ്രസ് രാജ്‌മോഹൻ ഉണ്ണിത്താൻ നേടിയ തിളക്കമാർന്ന വിജയത്തോടെ ഉയർത്തെഴുന്നേൽപ്പിലേക്ക്. ഈ വിജയം പാർട്ടിക്കും പ്രവർത്തകർക്കും നൽകിയ ആത്മവിശ്വാസം ചെറുതല്ല. വരും തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ നിർണ്ണായക ശക്തിയായി മാറാൻ ഉണ്ണിത്താന്റെ വിജയം കോൺഗ്രസിന് കരുത്തുപകരുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

കാസർകോട് ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിൽ രണ്ടുവീതം മുസ്ലീം ലീഗും സി.പി.എമ്മും ഒന്നിൽ സി.പി.ഐയും വിജയിക്കുന്ന രീതിയാണ് കാലങ്ങളായി തുടർന്നു പോരുന്നത്. ജില്ലയിൽ ഒരു എം.എൽ.എ പോലും ഇല്ലാതെയാണ് കോൺഗ്രസ് പ്രവർത്തിച്ചു വന്നിരുന്നത്. നിയമ സഭാതിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും കാര്യമായ റോളില്ലാതെ പിന്തള്ളപ്പെട്ടു പോയ കോൺഗ്രസിന് ശക്തമായ തിരിച്ചു വരവിനുള്ള അവസരമാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയത്തോടെ കൈവന്നിരിക്കുന്നത്. മൂന്നു പതിറ്റാണ്ടായി ഇടതു പക്ഷത്തേക്കുമാത്രം ചാഞ്ഞുനിന്ന കാസർകോട് ലോക്‌സഭാ മണ്ഡലത്തെ യു.ഡി.എഫ് പക്ഷത്തേക്ക് കൊണ്ടു വരാൻ ഉണ്ണിത്താൻ നടത്തിയ ശ്രമങ്ങൾ ഒടുവിൽ ഫലം കാണുകയായിരുന്നു.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരും കല്യാശേരിയും കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ടതിനാൽ ഇവിടങ്ങളിലെ ഉറച്ച വോട്ടുകൾ നാളിതുവരെ ഇടതുമുന്നണിയെ തുണച്ചിരുന്നു. ഈ മണ്ഡലങ്ങൾ കോൺഗ്രസിന് ബാലികേറാമലയായിരുന്നു. ഇക്കുറി പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിലെ സി.പി.എം വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ യു.ഡി.എഫിന് കഴിഞ്ഞു. ഇടതുമുന്നണിക്ക് മേൽകൈയുള്ള കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിലും വലിയ മുന്നേറ്റമാണ് യു.ഡി.എഫ് നടത്തിയത്. ഉദുമ മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എൽ.ഡി.എഫിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു.

ജില്ലയിൽ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിൽ ഏറെയും കൈയാളുന്നത് മുസ്ലീം ലീഗാണ്. ബ്ലോക്ക് പഞ്ചായത്തുകളും സി.പി.എമ്മും ലീഗും ഭരിക്കുന്നു. ഗ്രാമ പഞ്ചായത്തുകളിൽ മൂന്നെണ്ണം മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. അതുകൊണ്ടു തന്നെ ജില്ലയിൽ കോൺഗ്രസിന്റെ സ്ഥാനം ലീഗിനും താഴെയായിരുന്നു.

രാജ്‌മോഹൻ ഉണ്ണിത്താൻ വിജയിച്ചതോടെ ജില്ലയിലെ പൊതുപരിപാടികളിൽ കോൺഗ്രസിന്റെ സാന്നിധ്യം സജീവമാകുകയാണ്. ഉണ്ണിത്താന്റെ വിജയം ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ ഹക്കിം കുന്നിലിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ്. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ ഹക്കീം കുന്നിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന സമയത്താണ് രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട്ട് സ്ഥാനാർത്ഥിയായത്. ചേരിതിരിഞ്ഞു നിൽക്കുകയായിരുന്ന കോൺഗ്രസ് ഗ്രൂപ്പുകളെയെല്ലാം ഒരുമിപ്പിച്ചുകൊണ്ടുവന്ന് ഉണ്ണിത്താനു വേണ്ടി പ്രവർത്തിക്കാൻ നേതൃത്വം നൽകാൻ ഡി.സി.സിക്ക് കഴിഞ്ഞു. മുസ്ലീം ലീഗിന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും ഉണ്ണിത്താന്റെ വിജയത്തിൽ പ്രധാന ഘടകമായി.