മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളം പ്രവർത്തനം തുടങ്ങി ആറുമാസമായിട്ടും വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ തുറന്നില്ല. ഇത് സംബന്ധിച്ച ടെൻഡർ നടപടികൾ നീളുകയാണ്. താത്പര്യമറിയിച്ച് രംഗത്തുവന്ന ഏജൻസികളുമായി കിയാൽ ചർച്ച നടത്തിവരികയാണ്.
ടെൻഡർ ഏറ്റെടുത്ത് വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സജ്ജീകരിക്കാൻ ഇനിയും മാസങ്ങളെടുത്തേക്കും. വിമാനത്താവള കമ്പനിക്ക് നോൺ എയ്‌റോ വിഭാഗത്തിൽ നിന്നുള്ള പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ. സ്വകാര്യ ഏജൻസികളുമായി ചേർന്നാണ് കിയാൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ നടത്തുക.ലോകോത്തര ബ്രാൻഡ് ഉത്പന്നങ്ങൾ ഡ്യൂട്ടി ഫ്രീയായി ലഭ്യമാകുമെന്നതാണ് ഇവയുടെ പ്രത്യേകത. ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഫുഡ്‌കോർട്ടുകളുമില്ലാത്തതിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് അതൃപ്തിയുണ്ട്. അതേ സമയം ടെർമിനൽ കെട്ടിടത്തിൽ കൂടുതൽ കഫ്റ്റീരിയകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പാനീയങ്ങളും ലഘുഭക്ഷണവും ബേക്കറി ഉത്പന്നങ്ങളും ഇവിടെ ലഭ്യമാകും. ഫ്‌ളെമിംഗോ റീട്ടെയിൽ സർവ്വീസസിന്റെ റീട്ടെയിൽ ഷോറൂമുകളും വിമാനത്താവളത്തിലുണ്ട്. ടെർമിനൽ കെട്ടിടത്തിന് പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റാഫ് കാന്റീനുമുണ്ട്.
ഏപ്രിലിൽ വിമാനക്കമ്പനികളുടെ വേനൽക്കാല ഷെഡ്യൂൾ നിലവിൽ വന്നതോടെ വിമാനസർവ്വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ട്. മേയ് അവസാനത്തോടെ കൂടുതൽ അന്താരാഷ്ട്ര സർവ്വീസുകളും തുടങ്ങും. നിലവാരമുള്ള താമസസൗകര്യങ്ങളുടെ അപര്യാപ്തതയാണ് കണ്ണൂരിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരും വിനോദ സഞ്ചാരികളും നേരിടുന്ന പ്രശ്‌നം. വിമാനത്തിന്റെ സമയം വരെ ഏതാനും മണിക്കൂറുകൾ വിശ്രമിക്കാൻ മട്ടന്നൂരിൽ നിന്ന് കണ്ണൂരിലേക്കോ മറ്റോ പോകേണ്ട സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാൻ കിയാൽ മുൻകൈയെടുത്ത് വിമാനത്താവളത്തിൽ തന്നെ ഡേ ഹോട്ടലും സ്റ്റാർ ഹോട്ടലുകളും നിർമിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.