kotiiyur

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ ഇളനീരാട്ടം അക്കരെ കൊട്ടിയൂരിൽ ഇന്നലെ രാത്രി നടന്നു. 45 ദിവസത്തെ കഠിനവ്രതം നോറ്റെത്തിയ ഭക്തർ സമർപ്പിച്ച ഇളനീരുപയോഗിച്ചായിരുന്നു അഭിഷേകം.

ഇളനീരാട്ടത്തിനായി ഇന്നലെ രാവിലെ മുതൽ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിൽ കൈക്കോളന്മാർ ഇളനീരുകൾ ചെത്തിയൊരുക്കി മുഖമണ്ഡപത്തിൽ സമർപ്പിച്ചു. ഇളനീരുകൾ ചെത്തുവാനുള്ള കത്തി ജാതിയൂർ മഠത്തിൽ നിന്നും കത്തിതണ്ടയാന്മാർ പെരുമാൾക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. മണിത്തറയിലെ മുഖമണ്ഡപത്തിൽ വൈകിട്ടോടെ ഇളനീർക്കൂമ്പാരമായി. വൈകിട്ട് ആയിരംകുടം അഭിഷേകത്തിന് ശേഷം ഒറ്റ നവകം. അത്താഴപൂജയും ശീവേലിയും ഇല്ലായിരുന്നു. രാത്രിയോടെ കൊട്ടേരിക്കാവിൽ നിന്ന് മുത്തപ്പൻ ദൈവവും അകമ്പടിക്കാരും ഓടച്ചൂട്ട് കത്തിച്ച് ക്ഷേത്രത്തിലെത്തി.

ദക്ഷയാഗം അലങ്കോലമാക്കിയ ശിവഭൂതഗണങ്ങളെ അനുസ്മരിപ്പിച്ച് ഇവർ കോവിലകം കയ്യാല തീണ്ടി കണ്ടതെല്ലാം കയ്യടക്കി. ഈ സമയം വാളശ്ശന്മാർ വാളറയിൽ നിന്ന് ചപ്പാരം ഭഡവതിയുടെ വാളെടുത്തു കാണിച്ചപ്പോൾ ദൈവം ഭഗവാനെ തൊഴുത് പിൻവാങ്ങി.

ദൈവം വരവിന് ശേഷം പാലോന്നം നമ്പൂതിരി രാശി വിളിച്ചതോടെ ഇളനീരാട്ടം ആരംഭിച്ചു. അദ്ദേഹം മൂന്ന് ഇളനീരുകൾ കൊത്തി ഉഷക്കാമ്പ്രം നമ്പൂതിരിയെ ഏല്പിക്കുകയും അദ്ദേഹം സ്വയംഭൂ ശിലയിൽ അഭിഷേകം നടത്തുകയും ചെയ്തു. പരികർമ്മികൾ ഇളനീരുകൾ കൊത്തി വെള്ളിക്കുടങ്ങളിലാക്കി. പിന്നീടത് സ്വർണ്ണക്കുടങ്ങളിലേക്ക് പകർന്ന് ഇടമുറിയാതെ അഭിഷേകം ചെയ്തു. സവിശേഷമായ വാദ്യമേളങ്ങളുടെ അകമ്പടിയും ഭക്തരുടെ നാമസങ്കീർത്തനങ്ങളും കൊണ്ട് മുഖരിതമായ മണിക്കൂറുകൾ ഭക്തസഹസ്രങ്ങൾക്ക് ആത്മസംതൃപ്തിയുടെ നിമിഷങ്ങൾ പകർന്നു.

ശിവഭഗവാന്റെ കോപം ശമിപ്പിച്ച് സന്തുഷ്ടനാക്കിയത് ഇളനീരഭിഷേകമാണെന്നാണ് സങ്കല്പം. ഈ ഐതിഹ്യത്തിന്റെ ഓർമ്മ പുതുക്കിയാണ് ഭക്തർ എല്ലാ വർഷവും ഇളനീർക്കാവുകളുമേന്തി പെരുമാൾ സന്നിധിയിൽ എത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് അഷ്ടമി ആരാധനയും വിശേഷമായി ഭണ്ഡാര അറ വാതിൽക്കൽ അഷ്ടമിപ്പാട്ടും ഉണ്ടായിരുന്നു. തെയ്യമ്പാടി നമ്പ്യാരാണ് പാടിയത്.