കുമ്പള കർണാടകയിൽ പുഴയിൽ മുങ്ങി മരിച്ച ഡി.വൈ.എഫ്‌.ഐ നേതാവ് അജിത്കുമാറിനും ബാലസംഘം പ്രവർത്തകൻ മനീഷ്‌കുമാറിനും കണ്ണീർ മഴയോടെ അന്ത്യാഞ്ജലി. ദക്ഷിണകന്നഡയിൽ ബണ്ട്വാൾ കല്ലടുക്കയിൽ നേത്രാവതി പുഴയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിയ മനീഷ്‌കുമാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അജിത്കുമാർ മുങ്ങിമരിച്ചത്. ബണ്ട്വാൾ ഗവ. ആശുപത്രിയിൽ പോസ്ര്ര്‌മോർട്ടം ചെയ്ത മൃതദേഹങ്ങൾ ഞായറാഴ്ച പകൽ ഒന്നോടെ കുമ്പളയിലെത്തിച്ചു. കുമ്പളയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

സി.പി. എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ .പി .സതീഷ്ചന്ദ്രൻ, സി .എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം. രാജഗോപാലൻ എം.എൽ.എ, വി .പി .പി മുസ്തഫ, കെ .വി കുഞ്ഞിരാമൻ, വി. കെ രാജൻ, കെ .ആർ. ജയാനന്ദ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. വൻജനാവലിയുടെ സാന്നിധ്യത്തിൽ അജിത്തിന്റെ മൃതദേഹം കുണ്ടങ്കറടുക്കയിലെ പൊതുശ്മശാനത്തിലും മനീഷ്‌കുമാറിന്റെ മൃതദേഹം മുളിയടുക്കയിലെ വീട്ടുവളപ്പിലും സംസ്‌കരിച്ചു.

ശനിയാഴ്ച രാവിലെയാണ് അജിത്ത്കുമാർ, ഭാര്യ മനിത, മക്കളായ അൻവേഷ്, ഷാൻവി, സഹോദരൻ സുജിത്ത് എന്നിവർക്കൊപ്പം ബണ്ട്വാൾ കല്ലടുക്കയിലെ ബന്ധുവീട്ടിൽ വിവാഹത്തിന് പോയത്. കൂടെ കുമ്പളയിലെ ബാലസംഘം പ്രവർത്തകരായ മരിച്ച മനീഷ്‌കുമാർ, ഹരിപ്രസാദ്, മനോജ്കുമാർ, തേജസൂര്യ, രക്ഷിത്, ജിതീഷ് എന്നിവരെയും കൂട്ടി. വിവാഹത്തിന് ശേഷം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച സംഘം കല്ലടുക്കക്കടുത്ത് നേത്രാവതി പുഴയിൽ കുളിക്കുന്നതിനിടയിലായിരുന്നു അപകടം.

.ചന്ദ്രൻ കാരണവരാണ് അജിത്ത്കുമാറിന്റെ അച്ഛൻ. അമ്മ: വാരിജ. സഹോദരങ്ങൾ: സുജിത്ത്, അഡ്വ. രഞ്ജിത. കുമ്പള മുളയടുക്കം ഭഗവതി കൃപയിൽ മണികണ്ഠന്റെ മകനാണ് മനീഷ്‌കുമാർ. കുമ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പത്താം തരം വിദ്യാർത്ഥിയാണ്.