തളിപ്പറമ്പ്: വ്യാപാരികളെയും ജനങ്ങളെയും ദുരിതത്തിലാക്കുന്ന അനധികൃത പാർക്കിംഗിനെതിരെ തളിപ്പറമ്പ് നഗരസഭ നടപടിക്കൊരുങ്ങുന്നു. ഏജൻസിയെ ഉപയോഗിച്ച് പാർക്കിംഗ് ക്രമീകരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇരുചക്രവാഹനങ്ങൾ റോഡരികിൽ ദിവസം മുഴുവൻ പാർക്ക് ചെയ്യുന്നത് കടകളിലേക്ക് കയറാൻ പ്രയാസം സൃഷ്ടിച്ചതാണ് തീരുമാനത്തിന് കാരണം.
ആദ്യത്തെ ഒരു മണിക്കൂർ സൗജന്യമായും അടുത്ത മണിക്കൂർ നിശ്ചിത തുകയ്ക്കും പാർക്ക് ചെയ്യാം. പിന്നീട് പിഴ ഇരട്ടിയിലേറെയാകും. പോസ്റ്റ് ഓഫീസ് റോഡ്, മെയിൻ റോഡ്, ദേശീയപാത എന്നിവിടങ്ങളിലാണ് ആദ്യം ഫീസ് ഈടാക്കുക.
മുൻപ് എം.എൽ.എയുടെയും നഗരസഭയുടെയും ഇടപെടലിൽ നടത്തിയ പരിഷ്‌കരണങ്ങൾ ശ്രദ്ധേയമായിരുന്നു
പിന്നീട് പാർക്കിംഗ് താളം തെറ്റി. ഇത് പരിഹരിക്കാനാണ് പുതിയ തീരുമാനം. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിന് മുൻവശം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, ടി.ബി റോഡ്, മെയിൻ റോഡ്, ദേശീയ പാതയിൽ ട്രാഫിക് ഐലൻഡ് മുതൽ ആലിങ്കീൽ തീയറ്റർ വരെയുള്ള ഭാഗം എന്നിവിടങ്ങളിലാണ് അനധികൃത പാർക്കിംഗ് ഏറെയും. ഇവ നിയന്ത്രിക്കാൻ ഏജൻസിയെ ഏർപ്പെടുത്തും.

ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ച പ്രകാരം ഫീസ് ഏർപ്പെടുത്തിയുള്ള പാർക്കിംഗ് സൗകര്യമൊരുക്കുന്നതും പരിഗണിക്കും. ടൗൺ സ്‌ക്വയറിന്റെ പിന്നിലെ ഒഴിഞ്ഞ സ്ഥലം പുൽ തകിടി നിർമ്മിച്ച് സൗന്ദര്യവത്കരിക്കും