തളിപ്പറമ്പ: കുപ്പത്ത് കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. തിരുവട്ടൂർ പുളിയൂൽ സ്വദേശി കീരന്റകത്ത് മുഹമ്മദി(48)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. കണ്ണൂരിൽ നിന്നും കാസർകോടേക്ക് പോകുന്ന ടൗൺ ടു ടൗൺ ബസാണ് തളിപ്പറമ്പിൽ നിന്ന് വീട്ടു സാധനങ്ങൾ വാങ്ങി മകനോടൊപ്പം സഞ്ചരിച്ച മുഹമ്മദിന്റെ മഹീന്ദ്രാ ഡ്യൂറോ സ്‌കൂട്ടറിലിടിച്ചത്. ബസിന്റെ മുൻ ചക്രത്തിനിടയിൽ കുടുങ്ങിയ മുഹമ്മദിനെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.