കാസർകോട്: കളനാട്ട് ലീഗ് നേതാവിന്റെ വീടാക്രമിച്ച് നേതാവിനെയും ഭാര്യയെയും ആക്രമിച്ചു. വീടിന്റെ ജനൽ ഗ്ലാസുകളും സിറ്റൗട്ടിലുണ്ടായിരുന്ന ടീപ്പോയിയും തകർത്തു. മുസ്‌ലിം ലീഗ് കളനാട് വാർഡ് വൈസ് പ്രസിഡന്റ് അഹമ്മദ് കുഞ്ഞി ഹാജി(64), ഭാര്യ ആയിഷ(55) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ ആറുമണിയോടെയാണ് സംഭവം. സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അഹ്മദ് കുഞ്ഞി ഹാജിയെ ആറംഗസംഘം അക്രമിച്ചത്. ബഹളം കേട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഭാര്യ ആയിഷയെ തള്ളിയിടുകയായിരുന്നുവത്രെ. ഐ.എൻ.എൽ. നേതാവും മകനുമുൾപ്പെടെ ആറംഗ സംഘമാണ് അക്രമത്തിനുപിന്നിലെന്ന് അഹ്മദ് കുഞ്ഞി ഹാജി പരാതിപ്പെട്ടു. സംഘം കൊലവിളി നടത്തിയാണത്രെ മടങ്ങിപ്പോയത്. കഴിഞ്ഞദിവസം കളനാട് ഐ.എൻ.എൽ. ഓഫീസിനു നേരെ അക്രമം ഉണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അക്രമമെന്നു കരുതുന്നു.

17 കാരിയെ തട്ടിക്കൊണ്ടുപോയി

പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ

കാസർകോട്: വെള്ളരിക്കുണ്ട് മാലോത്തെ 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കർണ്ണാടക ഹാസൻ മായസമുദ്ര ഹെസനഹള്ളിയിലെ രംഗസ്വാമിയെന്ന രഘുറാമിനെയാണ് (30) ജില്ലാ അഡീഷണൽ സെഷൻസ് (1) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ 29ന് പ്രഖ്യാപിക്കും.

മാലോം ചെറിയ പുഞ്ചയിലെ 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് രംഗസ്വാമി. 2015 മേയ് 4 ന് രാത്രി പെൺകുട്ടിയുടെ വീടിന് സമീപമെത്തിയ രംഗസ്വാമി വീട്ടുകാർ അറിയാതെ മോട്ടോർ സൈക്കിളിൽ കയറ്റി പോകുകയായിരുന്നു. പെൺകുട്ടിയെ രംഗസ്വാമി തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും കർണ്ണാടകയിൽ വെച്ച് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ കോടതി രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയക്കുകയും രംഗസ്വാമിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

തന്നെ രംഗസ്വാമി കർണ്ണാടക ബസഗട്ട പഞ്ചായത്തിലെ തിമ്മന ഹള്ളിയിലുള്ള ബന്ധുവീട്ടിൽ താമസിപ്പിച്ച് അവിടെവെച്ചും തുടർന്ന് ബംഗളൂരുവിലും പരിസരങ്ങളിലുമുള്ള വാടക വീടുകളിൽ വെച്ചും പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി മൊഴിനൽകിയത്. പോക്‌സോ നിയമ പ്രകാരം രംഗസ്വാമിക്കെതിരെ കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു.