കാസർകോട്: രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയാഘോഷത്തിനിടെയുണ്ടായ അക്രമസംഭവത്തിൽ ബേക്കൽ, മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. സി.പി.എം, ഐ.എൻ.എൽ ഓഫീസും സേവ കേന്ദ്രവും തകർത്തതായ പരാതിയിലാണ് കേസ്. താഴെ കളനാട്ടെ ഐ.എൻ.എൽ ഓഫീസ്, ബേക്കലത്തെ ഐ.എൻ.എൽ പഞ്ചായത്ത് ഓഫീസിന് താഴെ നിലയിൽ പ്രവർത്തിക്കുന്ന സേവ കേന്ദ്രം ഓഫീസ്, മേൽപറമ്പ് ജംഗ്ഷനിലെ സി.പി.എം ചെമ്മനാട് ലോക്കൽ കമ്മിറ്റി ഓഫീസ്, സി.പി.എം ചെമ്മനാട് ബ്രാഞ്ച് ഓഫീസ് എന്നിവയാണ് ആക്രമിച്ചത്.
അക്രമികൾ പാഞ്ഞുവരുന്നത് കണ്ട് ഓഫീസിലുണ്ടായിരുന്നവർ ഓടിയതിനാൽ പ്രവർത്തകർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് പാർട്ടികേന്ദ്രങ്ങൾ അറിയിച്ചു. അക്രമത്തിൽ സി.പി.എം ഉദുമ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങൾ ആരോപിച്ചു. എൽ.ഡി.എഫ് ഉദുമ മണ്ഡലം കൺവീനർ കെ.വി കുഞ്ഞിരാമൻ, തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാൽ, കെ.പി സതീഷ് ചന്ദ്രൻ, ഏരിയാ സെക്രട്ടറി കെ. മണികണ്ഠൻ, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് എന്നിവർ ആക്രമിക്കപ്പെട്ട ഓഫീസുകൾ സന്ദർശിച്ചു.
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ
30ന് ജില്ലയിൽ ജാഗ്രതാനിർദ്ദേശം
കാസർകോട്: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏൽക്കുന്ന 30ന് ജില്ലയിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ജാഗ്രതയ്ക്ക് നിർദ്ദേശം നൽകിയത്. രാത്രി കാലങ്ങളിലെ പൊലീസ് പട്രോളിംഗ് ശക്തമാക്കാനും നിർദ്ദേശമുണ്ട്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് ബേക്കൽ, അമ്പലത്തറ, ഹൊസ്ദുർഗ്, ചന്തേര, വിദ്യാനഗർ, ബദിയഡുക്ക എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ ചെറുതും വലുതുമായ അക്രമങ്ങൾ ഉണ്ടായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കളനാട്ട് തിങ്കളാഴ്ച രാവിലെയും സംഘർഷമുണ്ടായി.
ശക്തമായ നടപടികളെടുത്തില്ലെങ്കിൽ വലിയ സംഘർഷത്തിലേക്കു നീങ്ങാൻ ഇടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തു. ജാഗ്രതയുടെ ഭാഗമായി മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ നടന്നിരുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.