കണ്ണൂർ: നരേന്ദ്രമോദിയെ ഗാന്ധിയനായി വിശേഷിപ്പിച്ച് മുൻ കോൺഗ്രസ് എം.എൽ.എ എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് പാർട്ടിയിൽ വിവാദമായി.
ഗാന്ധിജിയുടെ നാട്ടുകാരനായ മോദി ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചതാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. നിങ്ങൾ ഒരു നയം ആവിഷ്‌കരിക്കുമ്പോൾ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർക്കുക എന്നു ഗാന്ധിജി പറഞ്ഞു. മോദി അതു കൃത്യമായി നിർവഹിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയിൽ 9.16 കോടി കുടുംബങ്ങൾക്ക് ടോയ്ലറ്റുണ്ടാക്കി. ഉജ്ജ്വല യോജന പദ്ധതിയിൽ ആറു കോടി ജനങ്ങൾക്ക് സൗജന്യമായി എൽ.പി.ജി കണക്‌ഷനും നൽകി. സ്‌മാർട്ട് സിറ്റികളും ബുള്ളറ്റ് ട്രെയിനും ഉൾപ്പെടെയുള്ള സ്വപ്‌ന പദ്ധതികൾ കാണാതെ പോകരുത്. മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജൻഡയുടെയും അംഗീകാരമാണ് ഈ വിജയം എന്നിങ്ങനെ പോകുന്നു അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതി.
ഇതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ കമന്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി പക്ഷത്ത് നിന്നല്ല, വികസന പക്ഷത്ത് നിന്നുള്ള അഭിപ്രായമാണ് താൻ പറഞ്ഞതെന്നാണ് അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം.
മുമ്പ് സി.പി.എം എം.പിയായിരിക്കെ 2008ൽ ദുബായിൽ വച്ച് മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ പ്രകീർത്തിച്ചതിനാണ് അബ്ദുള്ളക്കുട്ടിയെ പാർട്ടി പുറത്താക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരിഗണിക്കാത്തതിൽ പരിഭവിച്ച് കണ്ണൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ അബ്ദുള്ളക്കുട്ടി ബഹിഷ്‌കരിച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിൽ കണ്ട് അനുനയിപ്പിക്കുകയായിരുന്നു.
മോദി സ്തുതി പിൻവലിച്ച് അബ്ദുള്ളക്കുട്ടി മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും വർഗീയവാദിയെ ന്യായീകരിക്കാൻ ഒരു മതേതര വിശ്വാസിക്കും സാധിക്കില്ലെന്നും മോദി സ്തുതിയിൽ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പറഞ്ഞു.