bjp

കണ്ണൂർ: മോദിയെ പ്രകീർത്തിച്ച ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ കോൺഗ്രസിന് അനഭിമതനായാൽ എ.പി.അബ്ദുള്ളക്കുട്ടിയെ ബി..ജെ.പിയിലേക്ക് വലിക്കാൻ പാർട്ടി നേതൃത്വം നീക്കം തുടങ്ങി. കണ്ണൂർ വിട്ട് മംഗലാപുരത്ത് താമസമാക്കിയ അബ്ദുള്ളക്കുട്ടി കർണാടക നേതാക്കളുമായി അടുപ്പം പുലർത്തുന്നതിനിടെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

മംഗലാപുരത്തെ ബി.ജെ.പി നേതാവ് മുൻകൈയെടുത്താണ് പുതിയ നീക്കം. അബ്ദുള്ളക്കുട്ടി വരുന്നതോടെ ബി. ജെ. പിക്ക് പുതിയൊരു മതേതര മുഖം കൈവരുമെന്നാണ് കണക്കുകൂട്ടൽ.

മുസ്ലിം ലീഗിലെ പി. ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥിയായി ബി.ജെ.പി പരിഗണിച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്. ഇവിടെ ലീഗിനെ നേരിടാൻ അബ്ദുള്ളക്കുട്ടിക്ക് കഴിയുമെന്ന വിശ്വാസമാണ് ബി.ജെ.പിക്ക്. 89 വോട്ടിന് ഇവിടെ തോറ്റ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തേക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. മുതിർന്ന ബി.ജെ..പി നേതാക്കൾ അബ്ദുള്ളക്കുട്ടിയുമായി ചർച്ച നടത്തിയേക്കും.

മോദിയെ ആരും ശ്രദ്ധിക്കാത്ത കാലത്ത് അദ്ദേഹത്തിന്റെ വികസന നയത്തെ കുറിച്ച് പറഞ്ഞ് കുഴപ്പത്തിലായ ആളാണ് താനെന്ന് അബ്ദുള്ളക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു..

കോൺഗ്രസും വാതിലടച്ചാൽ ബി.ജെ.പിയിലേക്ക് പോകുകയേ വഴിയുള്ളൂ എന്ന് അബ്ദുള്ളക്കുട്ടിയുമായി അടുപ്പമുള്ളവർ പറയുന്നു.