കാഞ്ഞങ്ങാട്: എസ്.ഐയെ റോഡിൽ തടഞ്ഞ് വധഭീഷണി മുഴക്കിയ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മേൽപ്പറമ്പ് എസ്.ഐ പി.സി സഞ്ജയ് കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്)ൽ കുറ്റപത്രം സമർപ്പിച്ചത്. മാർച്ച് 17ന് രാത്രി 8.30ന് അരമങ്ങാനം റോഡ് ജംഗ്ഷനു സമീപം കാസർകോടേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയെ മാരുതി കാർ കുറുകെ ഇട്ട് നാലംഗസംഘം ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തിരുന്നു.

ഉദുമ നാലാംവാതുക്കലിലെ എം.കെ മുഹമ്മദ് റഫീഖ് (21), ബദരിയ നഗറിലെ എച്ച്. മുഹമ്മദ് തൗഫീൽ(22), കോട്ടിക്കുളത്തെ മുഹമ്മദ് സബീസുൽ എത്തിഷ (20), കെ.എസ് അഹമ്മദ് ഷിബിൽ(19) എന്നിവരാണ് ലോറി തടഞ്ഞ് അക്രമിച്ചത്. ഇതിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന എസ്‌.ഐയും സിവിൽ പൊലീസ് ഓഫീസർമാരായ ടി.കെ പ്രമോദ്, മനോജ്, ഡ്രൈവർ രഞ്ജിത് എന്നിവർ സ്ഥലത്ത് എത്തി. സംഘത്തെ പിടികൂടി ചോദ്യം ചെയ്യുമ്പോൾ എസ്‌.ഐയെ തള്ളിമാറ്റി വധഭീഷണി മുഴക്കി കാറിൽ രക്ഷപ്പെട്ടു. പിന്നീട് അന്വേഷണത്തിൽ അക്രമികളെ കണ്ടെത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതിന് കേസെടുക്കുകയുമായിരുന്നു.