കണ്ണൂർ: കടുത്ത സാമ്പത്തിക പ്രയാസത്തെ തുടർന്ന് സംസ്ഥാനത്തെ രണ്ടായിരത്തോളം കരാർ ജീവനക്കാരെ ബി. എസ്. എൻ. എൽ പിരിച്ചു വിടുന്നു. ഇതിൽ ആയിരത്തോളം പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.. പ്രായപരിധി 56 വയസ് കഴിഞ്ഞ 395 രൂപ ദിവസവേതനം വാങ്ങുന്ന 35 വർഷത്തോളം സർവീസുള്ളവരെയാണ് പിരിച്ചുവിടുന്നത്. ബി .എസ് .എൻ.എല്ലിൽ വിരമിക്കൽ പ്രായം 60ഉം ഇ. ഡി ജീവനക്കാരുടേത് 65ഉം ആണെന്നിരിക്കെയാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ചൂണ്ടിക്കാട്ടി പിരിച്ചുവിടുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലായി 600 പേരെയാണ് ആദ്യഘട്ടത്തിൽ പിരിച്ചുവിടുന്നത്.

നഷ്ടം 14,000 കോടി

ലാൻഡ് ഫോണുകൾ എത്ര നാളേക്ക്

ലാൻഡ് ഫോണുകൾ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചു തുടങ്ങിയത്. ലാൻഡ് ഫോണുകളുടെ എണ്ണം കുറഞ്ഞതോടെ ബി .എസ് .എൻ .എല്ലിന് 14,000 കോടി രൂപ നഷ്ടമായെന്ന് അധികൃതർ പറയുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തെ നാൽപതോളം കെട്ടിടങ്ങൾ സ്വകാര്യവ്യക്തികൾക്ക് വാടകയ്ക്ക് നൽകാനുള്ള നീക്കവും തകൃതിയായി നടക്കുകയാണ്.

കേബിൾ മേഖലയിൽ ഏഴായിരം കരാർ തൊഴിലാളികൾ;

സംസ്ഥാനത്ത് കേബിൾമേഖലയിലും ഓഫീസ് ജോലിയിലുമായി ഏഴായിരം കരാർ, കാഷ്വൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 20 മുതൽ 30 ശതമാനം പേരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ആയിരത്തോളം പേർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഓഫീസ് ജോലിയിലുള്ള കരാർ തൊഴിലാളികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഓരോ മാസവും ബി എസ് എൻ എൽ സർക്കിളുകൾക്ക് അനുവദിക്കുന്ന തുകയിൽ നിന്നാണ് കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത്. കരാർ തൊഴിലാളികളെ പിരിച്ചുവിടാത്തതിനാൽ കേരളത്തിലെ സർക്കിളുകൾക്ക് ഫണ്ട് അനുവദിച്ചിരുന്നില്ല. പിരിച്ചുവിടൽ നോട്ടീസ് നൽകിയ ശേഷമാണ് ദൈനംദിന ആവശ്യങ്ങൾക്ക് ഫണ്ട് നൽകുന്നത്.

കെട്ടിടവാടക, വൈദ്യുതി ബില്ല് കുടിശ്ശിക:

കെട്ടിടവാടക, ടവറുകൾക്കുള്ള ഡീസൽതുക, വൈദ്യുതിബില്ല് എന്നിവയല്ലാം കുടിശ്ശികയാണ്. കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ ബി എസ് എൻ എല്ലിനെ തകർക്കുകയാണ് കേന്ദ്രസർക്കാറെന്ന് ജീവനക്കാർ ആരോപിക്കുന്നു. എല്ലാ സ്വകാര്യകമ്പനികൾക്കും ഫോർ ജി നെറ്റ്‌വർക്ക് അനുവദിച്ചിട്ടും ബി .എസ്. എൻ .എല്ലിന് അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ബി .എസ്. എൻ. എല്ലിന് ഫോർ ജി ലഭിച്ചാൽ ഭൂരിഭാഗം ഉപഭോക്താക്കളും ഇതിലേക്ക് മാറും.ഫോർ ജി അനുവദിക്കുന്നതിലൂടെ നഷ്ടം പരിഹരിക്കാൻ കഴിയും. പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് പകരം ജീവനക്കാരില്ലാത്തതിനാൽ കേബിൾ അറ്റകുറ്റപ്പണി ഇനി നടക്കില്ല. ഇതോടെ ലാൻഡ് ഫോണുകൾ വീണ്ടും കുറയാനിടയാക്കും. ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെയും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫോർ ജി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും അഖിലേന്ത്യാ വ്യാപകമായി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബി. എസ് .എൻ .എൽ തൊഴിലാളി സംഘടനകൾ. അതേ സമയം പുതിയ കേന്ദ്ര സർക്കാർ അധികാരത്തിലെത്തുമ്പോൾ നയങ്ങൾ തിരുത്തുമെന്ന പ്രതീക്ഷയും തൊഴിലാളി സംഘടനകൾക്കുണ്ട്.