തലശ്ശേരി:വിവാഹനിശ്ചയത്തിന് ശേഷം പലയിടങ്ങളിലായി ഒന്നിച്ചുതാമസിപ്പിച്ച് പീഡിപ്പിച്ച ശേഷം പിൻമാറാൻ ശ്രമിക്കുകയും ഒടുവിൽ പൊലീസ് ഇടപെടലിലൂടെ വിവാഹം ചെയ്തതിന് ശേഷം സ്വർണം തട്ടിയെടുക്കുകയും മുറിയിൽ കയറാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായുള്ള മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവഡോക്ടർക്കെതിരെ കേസെടുത്തു. പാനൂർ പാറാട്ടും, വെള്ളാച്ചേരിയിലും മദേർസ് ക്ലിനിക് നടത്തി വരുന്ന ചക്കരക്കല്ലിലെ ഡോ: തേജസ് വിനോദിനെതിരെ ജില്ലാ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എൽ .പി .സ്‌കൂൾ പ്രധാനാദ്ധ്യാപകനായ ഭർതൃപിതാവിന്റെയും യു.പി.സ്‌കൂൾ അദ്ധ്യാപികയായ മാതാവിന്റെയും ഒത്താശയോടെയുമാണ് ഭർത്താവ് തന്നെ മാസങ്ങളോളം പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.ഇന്റർ നെറ്റിൽ മാട്രിമോണിയൽ പരസ്യത്തിലൂടെ പരിചയപ്പെട്ട ഇരുവരുടെയും വിവാഹനിശ്ചയം ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ആഗസ്ത് 23 ന് പാലക്കാട് അലൈൻ ഓഡിറ്റോറിയത്തിൽ നടന്നിരുന്നു. ഇതിന് ശേഷം ഡോ: തേജസ് വിനോദ് 2018 ഡിസംബറിൽ വയനാട്ടിലെ റിസോർട്ടിൽ വച്ചും പിന്നീട് ഇയാളുടെ വീട്ടിൽ മാതാപിതാക്കളുടെ അറിവോടെ താമസിപ്പിച്ചും പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. പിന്നാലെ യുവാവ് പിന്മാറിയതിനെ തുടർന്ന് 2019 മാർച്ച് 2ന് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇടപെട്ട് ഏപ്രിൽ 29ന് കോഴിക്കോട് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ വച്ച് ഇവരുടെ വിവാഹം നടത്തി.എന്നാൽ വിവാഹം കഴിഞ്ഞ് വൈകീട്ട് ചക്കരക്കൽ ഏച്ചൂർ പാലേരിച്ചാലിലെ ഭർതൃഗൃഹത്തിലെത്തിയ തനിക്ക് ഭർത്താവ് മുറി തുറന്ന് നൽകിയില്ലെന്നും 80 പവൻ സ്വർണ്ണാഭരണങ്ങൾ അഴിച്ചു വാങ്ങിയെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. പിന്നാലെ വീട്ടിലെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾ മോശമായ സമീപനത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടിരുന്നു.തുടർന്ന് ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയെത്തുടർന്ന് നവവധുവും കുടുംബവും നാട്ടിലേക്ക് തിരിച്ചു പോയി.ആഭരണം ഭർതൃവീട്ടുകാർ തിരിച്ചു നൽകിയില്ലെന്ന് യുവതി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ സത്രീപീഡനം അടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തലശ്ശേരി ജില്ലാ കോടതിയിൽ .പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹരജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.