തളിപ്പറമ്പ്: തളിപ്പറമ്പിന്റെചരിത്രവും സംസ്‌ക്കാരവും വിളിച്ചോതുന്ന ചുമർചിത്രങ്ങൾ
തളിപ്പറമ്പിന്റെ മതിലുകളിൽ തിളങ്ങിത്തുടങ്ങി. തിരുവിതാംകൂർ രാജവംശം, രക്തരൂക്ഷിത യുദ്ധം നടന്ന പടുവളം യുദ്ധക്കളം, കൂത്തിന്റെ ഉത്ഭവകേന്ദ്രം, തങ്ങൾപള്ളിയിലെ കല്ലക്കയർ, ദേശീയ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങൾ, സമരനായകർ, ആദ്യകാല മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവ അടങ്ങിയതാണ് ചിത്രങ്ങൾ.
പ്രശസ്ത ചിത്രകാരൻ എൻ.കെ.പി. മുത്തുക്കോയ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദ് അദ്ധ്യക്ഷത വഹിച്ചു. കാലപ്പഴക്കത്താൽ അനാകർഷകവും മാനിന്യം പേറുന്നവയുമായ നഗരത്തിലെ മുഴുവൻ പൊതുമതിലുകളിലുമാണ് ചിത്രങ്ങൾ വരച്ചത്.സംസ്ഥാന സർക്കാരും സ്വച്ഛഭാരത് മിഷനും ശുചിത്വമിഷനും ഇതിന് പിന്തുണയുമായുണ്ട്. ടൗൺസ്‌ക്വയറിൽഹരീന്ദ്രൻ ചാലാട്, ശ്യാമശശി, സന്തോഷ് ചുണ്ട, രജീഷ് സരോവർ, കലേഷ് കലാലയ തുടങ്ങിയ മുപ്പതിലേറെ ചിത്രകാരൻമാരാണ് തളിപ്പറമ്പിന്റെ ചരിത്രസാംസ്‌ക്കാരിക സംഭവങ്ങൾക്ക് ചിത്രഭാഷ്യം രചിച്ചത്. നഗരസഭാ ചെയർമാൻ കെ.കെ.ആർ.വെങ്ങര ചിത്രരചനക്ക് നേതൃത്വം നൽകി. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി.ഉമ്മർ, കെ.അഭിലാഷ്, വി.വി.വിജയൻ, കെ.സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
നസീറിനെതിരെയുള്ള അക്രമം
സി.ബി.ഐ അന്വേഷണത്തിന് സഹായിക്കുമെന്ന് ബി.ജെ.പി
തലശ്ശേരി: സി.ഒ.ടി നസീർ വധശ്രമ കേസ് സി.ബി.ഐയ്ക്ക് വിടുന്നതിന് ആവശ്യമായ സഹായം നൽകുമെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് പി.സത്യപ്രകാശ്. പൊലീ്‌സ് വഴി തിരിച്ച് വിടാൻ ശ്രമിക്കുകയാണ്. നസീർ വധശ്രമ കേസിന്റെ ഗുഢാലോചനയിൽ ഒരു ജനപ്രതിനിധിക്ക് പങ്കുള്ളതിനാൽ കേസ് സി.ബി.ഐ അന്വേഷണിക്കണമെന്നാണ് നസീർ ആവശ്യപ്പെടുന്നത്. ഇതിന് വേണ്ട നിയമപരമായ സഹായവും രാഷട്രീയ സഹായവും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു. വടകരയിൽ പി.സതീദേവി ദയനീയ തോൽവി ഏറ്റു വാങ്ങിയപ്പോഴാണ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. അത് പോലെ ഇപ്പോൾ പി.ജയരാജൻ ദയനീയമായി വടകരയിൽ തോറ്റപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥി കൂടിയായ സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ചു. കേസ് വഴി തിരിച്ച് വിടാൻ പൊലീസ് ശ്രമം നടത്തി. എന്നാൽ ചില മാധ്യമങ്ങളുടെ ഇടപെടലും ശക്തമായ പ്രക്ഷോഭം ഉയർന്ന് വരുമെന്ന് ഭയന്ന് കേസ് 40 ശതമാനം സത്യമായി അന്വേഷിച്ചു. എന്നാൽ ഗുഢാലോചനക്കാരെ കേസിൽ ഉൾപ്പെടുത്താൻ പോലീസ് ശ്രമം നടത്തുന്നില്ല. അഴിമതിക്കെതിരെ ശബ്ദം ഉയർത്തിയതു കൊണ്ടും സാമൂഹ്യ രംഗത്തെ ശക്തമായ ഇടപെടൽ മൂലവുമാണ് നസീറിന് നേരെ അക്രമം നടക്കാൻ കാരണമായത്.നസീറിനെ കൊല്ലുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ഭരണ കക്ഷിയിലെ പ്രബല നേതാവിനെതിരെയാണ് നസീർ പരാതി പറഞ്ഞിരിക്കുന്നത്. അതിനാൽ ഇത് പൊലീസ് അന്വേഷിച്ചാൽ പ്രയോജനമില്ല. . അതിനാൽ പുറത്ത് നിന്നുള്ള ഏജൻസിയെ കൊണ്ട് കേസ് അന്വേഷണം നടത്തണമെന്നും സത്യപ്രകാശ് പറഞ്ഞു.ബി.ജെ.പി ജില്ലാ സെക്രട്ടറി എൻ.ഹരിദാസ്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് എം.പി സുേമഷ് എന്നിവരും സത്യപ്രകാശിനൊപ്പം നസീറിനെ സന്ദർശിച്ചു.
പന്തക്കലിൽ റോഡിന് 15 ലക്ഷം അനുവദിച്ചു: നവീകരണം തുടങ്ങി
മാഹി: പന്തക്കൽ കണ്ണച്ചാങ്കണ്ടി കോളനിയുടെ അകത്തും കോളനിയിൽ നിന്നും പുറത്തേക്കുമുള്ള റോഡുകൾ നവീകരിക്കുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു. ഡോ.വി.രാമചന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി പുതുച്ചേരി സ്ലം ക്ലിയറൻസ് ബോർഡാണ് ഫണ്ട് അനുവദിച്ചത്. കോളനിക്ക് അകത്ത് 200 മീറ്ററും കോളനിയിൽ നിന്നും വയൽ പീടിക പെട്രോൾ പമ്പ് വരെയും പളളൂർ മൂലക്കടവ് റോഡ് വരെ 300 മീറ്ററും ചേർന്ന് ആകെ 500 മീറ്റർ റോഡിന്റെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചത്.വർഷങ്ങളായി ടാർ ചെയ്യാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു റോഡുകൾ. മൂലക്കടവ് പന്തോക്കാട് റോഡിൽ നിന്ന് കോളനിയിലേക്ക് പ്രവേശിക്കുന്ന റോഡിൽ സോളിംഗ് കഴിഞ്ഞു. ടാറിങ്ങ് പ്രവൃത്തി ഉടൻ പൂർത്തിയാക്കും.
അജൈവ മാലിന്യങ്ങൾ ഇന്ന് നൽകണം
ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ മുഴുവൻ വീടുകളിലെയും എല്ലാ അജൈവ മാലിന്യങ്ങളും 29 ന് രാവിലെ 9 മുതൽ 10 വരെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, ഗ്ലാസ്സ് ബോട്ടിലുകൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ, റെക്‌സിൻ, ലെതർ ബാഗ്, ചെരുപ്പ്, ഷൂ, റബ്ബർ മാലിന്യങ്ങൾ, ടി.വി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങിയ മാലിന്യങ്ങളാണ് ശേഖരിക്കുന്നത്.ഒരു വലിയ ചാക്ക് നിറയെ മാലിന്യത്തിന് 100 രൂപ ഈടാക്കും.
പന്നോൽ ബേങ്ക് പരിസരം, പുളിയുള്ളതിൽ പീടിക, പരിമഠം വാട്ടർ ടാങ്ക് പരിസരം, ന്യൂമാഹി പഞ്ചായത്ത് ഓഫീസിന് മുൻവശം, ന്യൂമാഹി ടൗൺ, കല്ലിലാണ്ടി പള്ളി, വേലായുധൻ മൊട്ട തുടങ്ങിയ കേന്ദ്രങ്ങളിൽ മാലിന്യം സ്വീകരിക്കാൻ പഞ്ചായത്തിന്റെ വാഹനം എത്തും.
കുടിവെള്ള വിതരണം
കൂത്തുപറമ്പ്:കുടിവെള്ള ക്ഷാമം രൂക്ഷമായ കോട്ടയം പഞ്ചായത്തിൽ കോട്ടയം സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു. വലിയ വെളിച്ചത്തെ വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയിൽ നിന്നും ശേഖരിക്കുന്ന വെള്ളം ടിപ്പറിൽ എത്തിച്ചാണ് വീടുകളിൽ സപ്ലൈ ചെയ്യുന്നത്.ദിവസവും 15,000 ലിറ്റർ വരെ കുടിവെള്ളമാണ് പഞ്ചായത്തിന്റെ 14 വാർഡുകളിലായി വിതരണം ചെയ്യുന്നത്. ബാങ്കിന്റെ പൊതുനന്മാ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നത്. കാലവർഷം ആരംഭിക്കുന്നതു വരെ സൗജന്യ കുടിവെള്ള വിതരണം തുടരാനുള്ള ഒരുക്കത്തിലാണ് ബാങ്ക് അധികൃതർ. കോട്ടയം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.പി.ചന്ദ്രൻ, സെക്രട്ടറി സമ്പത്ത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അന്താരാഷ്ട്ര പുസ്തകോത്സവം നാളെ സമാപിക്കും.
കണ്ണൂർ: ലൈബ്രറികൗൺസിൽ കളക്ട്രേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന 13ാമത് രാജ്യാന്തര പുസ്തകോത്സവം നാളെ സമാപിക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം ടി .പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ഐവി ദാസ് പുരസ്‌കാരവും ജില്ലാ താലുക്ക് പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.ഇന്നലെ നടന്ന വനിതാ സംഗമം നോവലിസ്റ്റ് കെ പി സുധീര ഉദ്ഘാടനം ചെയ്തു. ഡോ. പി സോമൻ രചിച്ച സമത ബുക്‌സിന്റെ പുരോഗമന സാഹിത്യത്തിലെ പെൺ തീക്കനലുകൾ പുസ്തകം കെ പി സുധീര പ്രകാശനം ചെയ്തു. വനിതാ സാഹിതി ജില്ല സെക്രട്ടറി എം. എം. അനിത ഏറ്റുവാങ്ങി. ഭക്ഷ്യ വിഭവങ്ങളും പരിസ്ഥിതിയും വിഷയത്തിൽ സജീവൻ കാവുങ്കരയും വനിതകളും സുരക്ഷയും എന്ന വിഷയത്തിൽ വനിത സംരക്ഷണ ഓഫീസർ പി സുലജ, പ്രഭാഷണം നടത്തി. കെ ജി വത്സലകുമാരി അദ്ധ്യക്ഷയായി. പി .കെ. ബൈജു സംസാരിച്ചു. കെ കമല സ്വാഗതവും കെ പുഷ്പജ നന്ദിയും പറഞ്ഞു. ചന്തപ്പുര കലാസാംസ്‌കാരിക വേദിയുടെ സംഗീതശിൽപം പെണ്ണലർച്ചകൾ' അരങ്ങേറി.
വയോജന സംഗമവും ഡോ കെ കെ എൻ കുറുപ്പിനുള്ള ആദരവും കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ .കെ .എൻ കുറുപ്പിന്റെ പ്രാദേശിക ചരിത്രം എന്ത് എന്തിന് പുസ്തകം ഡോ. ഗാപിനാഥ് രവീന്ദ്രൻ പ്രൊഫ. കെ .കുമാരന് നൽകിയും കവിയൂർ രാജഗോപാലന്റെ ചരിത്രകാരന്റെ അടുക്കള ഡോ കെ. കെ .എൻ കുറുപ്പ് ഡോ പി. മോഹൻദാസിന് നൽകിയും പ്രകാശനം ചെയ്തു. പ്രൊഫ. കെ. കുമാരൻ അദ്ധ്യക്ഷനായി. ഡോ. കെ. കെ. എൻ കുറുപ്പിന് ആദരവായി നടന്ന ചരിത്ര സെമിനാറിൽ ഡോ .പി.മോഹൻദാസ്, പ്രൊഫ. ഇ. ഇസ്മായിൽ, ഡോ. എം. ടി. നാരായണൻ, ഡോ .എ. വൽസലൻ എന്നിവർ അവതരണം നടത്തി. വയോജന സമീപനത്തെ കുറിച്ച് കൂവേരി മാധവൻ അവതരണം നടത്തി. പി .കെ. ബൈജു, വൈക്കത്ത് നാരായണൻ എന്നിവർ സംസാരിച്ചു. പി .ജനാർദ്ദനൻ സ്വാഗതവും സി .എച്ച് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പയ്യന്നൂർ കൊക്കാനശേരി യൂനിക് ഗ്രന്ഥാലയത്തിന്റെ ചരട്കുത്തി കോൽക്കളി അരങ്ങേറി, നാടകോൽസവത്തിൽ ജ്യോതി കാനായിയുടെ തളപ്പ് അവതരിപ്പിച്ചു. ഇന്ന് രാവിലെ 10.30ന് ബാലസംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .പി. ദിവ്യയും 3ന് യുവജന സംഗമം കെ. കെ രാഗേഷ് എംപിയും ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5ന് പൂരക്കളി സെമിനാർ പൂരക്കളി അക്കാദമി സക്രട്ടറി കെ മോഹനൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടകോത്സവത്തിൽ കണ്ണൂർ കലാസേന കപീന:കപി അരങ്ങേറും. നാളെ സംസ്ഥാനതല ചെസ് മൽസരവും എ പ്ലസ് ലൈബ്രറികളുടെ സംഗമവും നടക്കും.രാവിലെ 9 മുതൽ രാത്രി എട്ട് വരെയാണ് പുസ്തകോൽസവം. ചക്ക മാങ്ങ മേളയും കാർഷിക വിപണന മേളയും നടക്കുന്നുണ്ട്.
വീട് തകർന്നു
കണ്ണൂർ:കുറുവപ്പള്ളി അവേര റോഡിലെ തോട്ടത്തിൽ മുഹമ്മദ് ആഫിന്റെ വീട് തകർന്നു. ഇന്നലെ ഉച്ചക്ക് 12.3നാണ് അപകടം.വീട്ടിൽ ആഫിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു.മുഹമ്മദ് ആഫിന്റെ ഇളയ മകന് നിസാര പരിക്കേറ്റു.പഴക്കമുള്ളതാണ് വീട്.
അനുശോചിച്ചു
കൂത്തുപറമ്പ്: മൈസൂരിനടുത്ത മധൂരിൽ വാഹനാപകടത്തിൽ മരിച്ച കൂത്തുപറമ്പ് ഏഴാംമൈലിലെ ജയദീപ്, ജ്ഞാനതീർത്ഥ, കിരൺ അശോക്, ജിൻസിരാജൻ എന്നിവരുടെ വേർപാടിൽ നാട്ടുകാർ അനുശോചിച്ചു. ഏഴാംമൈലിൽ നടന്ന അനുശോചന യോഗത്തിൽ കൂത്തുപറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് അംഗം പി.കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. മനോഹരൻ, എ.പ്രദീപൻ, ഉമ്മർ വിളക്കോട്, വി.കെ.രാഘവൻ, എൻ.ധനഞ്ജയൻ, വി.രാജൻ, എ.പി.സുജാത, എം.മോഹനൻ, സി.രവീന്ദ്രൻ, ഇ.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ചെന്താര ആർട്ട്‌സ് ആന്റ് സ്‌പോർട്ട്‌സ് ക്ലബ്, എ.കെ.പി.എ. എന്നിവയുടെ നേതൃത്വത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്.
പുതുച്ചേരിയിൽ സ്പീക്കർ സ്ഥാനത്തിനായി രണ്ടുപേർ
മാഹി :പുതുച്ചേരി നിയമസഭാ സ്പീക്കറാക്കിയിരുന്ന വൈത്തിലിംഗം ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സ്പീക്കർ സ്ഥാനത്തിനായി പിടിവലി തുടങ്ങി. ഡെപ്യൂട്ടി സ്പീക്കർ ശിവക്കൊഴുന്തും മുൻ മന്ത്രിയും മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയുമായ ലക്ഷ്മീ നാരായണനുമാണ് സ്പീക്കർ സ്ഥാനത്തിനായി രംഗത്തുള്ളത്.
നാരായണസ്വാമി മന്ത്രിസഭയിൽ അംഗമാക്കാത്തതിനെ തുടർന്ന് പിണക്കത്തിലായ ലക്ഷ്മീ നാരായണനെ മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയാക്കി അനുനയിപ്പിക്കുകയായിരുന്നു.വൈത്തിലിംഗം ലോക്‌സഭയിൽ മൽസരിക്കുമ്പോൾ പദവി രാജി വെക്കുകയായിരുന്നു.തെരഞ്ഞെടുപ്പടുത്തതിനാൽ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിച്ചത്. അതിനാൽ രണ്ടു മാസത്തിനുള്ളിൽ ബഡ് ജറ്റവതരിപ്പിക്കേണ്ടതുണ്ട്. ഇത് പരിഗണിച്ച് ഉടൻ സ്പീക്കറെ തെരഞ്ഞെടുക്കേണ്ടി വരും.
വ്യവസ്ഥാപിത സമൂഹത്തെ മാറ്റാൻ
സ്ത്രീകൾ നല്ല വായനക്കാരവണം: കെ പി സുധീര
കണ്ണൂർ:വ്യവസ്ഥാപിത സമൂഹത്തെ മാറ്റിയെടുക്കാൻ സ്ത്രീകൾ നല്ല വായനക്കാരാകണമെന്ന് കെ പി സുധീര പറഞ്ഞു. പറമ്പിൽ കൊത്തിപ്പെറുക്കി നടക്കുന്ന കോഴികളാവരുത് സ്ത്രീകൾ. ആകാശത്ത് പറക്കുന്ന പറവകളാവണം. പറക്കുന്ന പക്ഷിയുടെ കാഴ്ചവിശാലവും വ്യക്തവുമായിരിക്കും. കാഴ്ചപ്പാട് ഉന്നതമാക്കണമെങ്കിൽ വായനവേണമെന്നും കെ പി സുധീര പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജാതിയുടെയും മതത്തിന്റെയും യാഥാസ്ഥിതികതയുടെയും അതിരുകൾ പൊട്ടിച്ച് സ്ത്രീ ശക്തി ഉയരണം. എങ്കിലെ ജീവന്റെ തുടിപ്പുകൾ നമുക്ക് തിരിച്ചറിയാൻ കഴിയൂ. കണ്ണൂരേക്ക് വരുമ്പോൾ ഓർത്തത് മന്ത്രി കെ കെ ശൈലജയെയാണ്. കോഴിക്കോട്ടുകാരിയായ ഞാൻ നിപയെന്ന മഹാവ്യാധിയുടെ എല്ലാ ഭീതിദമായ അവസ്ഥയും നേരിട്ട് അനുഭവിച്ചയാളാണ്. എത്രകൈയടക്കത്തോടെയാണ് നമ്മുടെ മന്ത്രി ആ സാഹചര്യത്തെ നേരിട്ടത്. സ്ത്രീകളുടെ കഴിവുകൾക്ക് പരിധികളില്ലെന്നും സുധീര പറഞ്ഞു.
മയ്യഴി മറന്നു നെഹ്റുവിന്റെ ചരമദിനം
മാഹി: നവഭാരതശില്പിയുംപ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ചരമദിനം മയ്യഴിയിൽ ആരാലും ഓർക്കപ്പെടാതെ കടന്നു പോയി. ജവഹർലാൽ നെഹ് റു ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച അർദ്ധ കായ പ്രതിമയിൽ ഒരു റോസാപ്പൂവെക്കാൻ പോലും ആരും മെനക്കെട്ടില്ല.
മാഹിയിലെ കോൺഗ്രസുകാരും പാർട്ടിയുടെ പ്രതാപകാലത്തെ അദ്ധ്യക്ഷനെ ഓർമ്മിച്ചില്ല. കേന്ദ്ര സർക്കാർ സ്ഥാപനമായ നെഹ്രു യുവകേന്ദ്രയും പ്രത്യേകമായി ഒരു പരിപാടിയും സംഘടിപ്പിച്ചില്ല. ജനസംഘ നേതാക്കളുടെ ജന്മദിനം അടക്കം നെഹ്റു യുവകേന്ദ്ര ആഘോഷിക്കുന്നതിനിടെയാണ് നെഹ്റുവിനെ തീർത്തും മറന്നുകളഞ്ഞത്.നെഹ്റുവിന്റെ ചരമദിനം തമസ്‌കരിച്ച അധികൃതർക്കെതിരെ നടപടി വേണമെന്ന ആവശ്യം മാഹിയിൽ ശക്തമാണ്.
ആദരസമർപ്പണം നടത്തി.
മാഹി: 42 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം മാഹി പോസ്റ്റോഫീസിൽ നിന്നും വിരമിക്കുന്ന പോസ്റ്റ മാൻ പി രാധാകൃഷ്ണന് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ആദര സമർപ്പണം നൽകി
ജനറൽ സെക്രട്ടറി കെ.ഹരീന്ദ്രന്റെ അദ്ധ്യക്ഷതയിൽ മാഹി ചീഫ് എജ്യുക്കേഷൻ ഓഫീസർ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മാഹി പോസ്റ്റ്മാസ്റ്റർ.ടി.കെ. മഞ്ജുള,കെ.രാധാകൃഷ്ണൻ മാസ്റ്റർ ,കെ അജിത്ത് മാസ്റ്റർ , ജി അനുരൂപ്,എം രവീന്ദ്രൻ മാസ്റ്റർ,രാധാകൃഷ്ണൻ കുനിയിൽ, കെ.എം.പവിത്രൻ,കെ.രവീന്ദ്രൻ,പി.പ്രഭാവതി, വിനീതാവിജയൻ ,ഐ അരവിന്ദൻ. സംസാരിച്ചു. എൻ മോഹനൻ സ്വാഗതവും, പി.കെ . രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു.
കെ.പി.നൂർദ്ദീൻ അനുസ്മരണം ഇന്ന്
കണ്ണൂർ: കേരളത്തിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി നൂറുദ്ദീൻ സാഹിബിന്റെ മൂന്നാമത് ചരമവാർഷിക ദിനാചരണം ഇന്ന് നടക്കും. കാലത്ത് 10 മണിക്ക് ഡി.സി.സി ഓഫീസിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടക്കും.വൈകിട്ട് 3ന് മാടായിലെ പുതിയ വളപ്പിൽ പൊതുസമ്മേളനത്തോടെയുള്ള അനുസ്മരണ പരിപാടിയും, നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചിട്ടുണ്ടെന്ന്
ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.