പയ്യന്നൂർ: പയ്യന്നൂർ പെരുമ്പയിൽ ദേശീയപാതയ്ക്ക് സമീപത്തെ ഐസ്‌ക്രീം ഷോപ്പിൽ മോഷണം നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലർച്ചെ 1.30 ഓടെ പെരുമ്പയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശത്തായുള്ള പലൂദ്ദ ഐസ് ക്രീം ഷോപ്പിലാണ് മോഷണം നടന്നത്.മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. കടയിൽ സ്ഥാപിച്ചിരുന്ന സി.സി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. നാൽപ്പതിനും നാൽപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള ഒരാൾ മുഖം മറച്ചെത്തി മോഷണം നടത്തുന്നത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയുടെ വലത് വശത്തെ ചുമരിലെ അഞ്ചോളം ഇഷ്ടിക തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
കണ്ണൂരിൽ നിന്നും ഡോഗ് സ്‌ക്വാഡും ഫിങ്കർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
പൊലീസ് നായ സ്വീറ്റി കടയിൽ നിന്നും മണം പിടിച്ച് കടയുടെ പിറകിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോട്ട്വാർസിന്റെ സമീപത്തേക്ക് പോവുകയും തുടർന്ന് റോഡിന് സമീപത്തേക്ക് പോവുകയുമായിരുന്നു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി പയ്യന്നൂർ എസ്.എച്ച്.ഒ ആർ.ഹരിപ്രസാദ് പറഞ്ഞു. കടയുടമ ഷാനിജിന്റെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്.
ഭണ്ഡാരം കുത്തിത്തുറക്കുന്നതിനിടെ പിടിയിൽ
പയ്യന്നൂർ:പയ്യന്നൂർ സെന്റർ ബസാറിലെ ആലിന് സമീപത്തെ പാവൂർ ഗുരുനാഥൻ സമാധി സ്ഥലത്തെ ഭണ്ഡാരം തകർത്ത് പണമെടുക്കുന്നതിനിടയിൽ യുവാവ് പിടിയിൽ. അത്തിക്കടവ് ബെളാൽ സ്വദേശിയായ സി.ഹരീഷി(44)നെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് മോഷണശ്രമത്തിനിടെ ഹരീഷ് പൊലീസിന്റെ പിടിയിലായത്. പയ്യന്നൂർ സ്റ്റേഷനിലെ എസ്.ഐ എം.പി പത്മനാഭനും സംഘവും രാത്രികാല പട്രോളിംഗ് നടത്തി തിരികെ വരുന്നതിനിടയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പ്രതിയെ പൊലീസ്
കോടതിയിൽ ഹാജരാക്കി. മദ്യപിക്കാൻ പണം തികയാതെ വന്നപ്പോഴാണ് ഈയാൾ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.