കരളിന്റെ സവിശേഷത അതിന്റെ സഹനശേഷിയും പുനർ ജീവനശേഷിയുമാണ്. മുക്കാൽ പങ്കോളം നശിച്ചുകഴിഞ്ഞാൽപ്പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും. മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും.
എന്നാൽ നാം ഉപയോഗിക്കുന്ന പല ആഹാരങ്ങളും കരളിന്റെ ആരോഗ്യത്തിന് ഉത്തമമല്ല. ആരോഗ്യമില്ലാത്ത കരളുള്ള ഒരു വ്യക്തിക്ക് എപ്പോഴും ക്ഷീണം, തലവേദന, അലർജികൾ, ത്വക് രോഗങ്ങൾ, അമിത ശരീരഭാരം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
കൂടിയ അളവിലുള്ള മദ്യപാനം കരളിൽ കൊഴുപ്പ് അടിയാനും അപകടത്തിലാക്കാനും ഇടയാക്കും. മദ്യത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്ന ഊർജം അമിതവണ്ണം ഉണ്ടാക്കുന്നതിനും കരളിൽ നീർക്കെട്ട് ഉണ്ടാക്കുന്നതിനും കാരണമാകും. പ്രോട്ടീനുകളും കൊഴുപ്പും അധികമായി അടങ്ങിയിട്ടുള്ള റെഡ് മീറ്റുകളുടെ സ്ഥിരമായ ഉപയോഗം കരളിനു നല്ലതല്ല. ഇവയിലെ പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെ നശിപ്പിക്കുന്നതിന് വേണ്ടി കരൾ സാധാരണയിലധികം പ്രവർത്തിക്കേണ്ടി വരുന്നതിനാൽ കരൾ രോഗം ഉണ്ടാക്കും.
കുപ്പിയിലും പായ്ക്കറ്റുകളിലുമായി നിറച്ചുവരുന്ന പാനീയങ്ങൾ അധികമായി ഉപയോഗിക്കരുത്. ധാരാളം മധുരം അടങ്ങിയിരിക്കുന്ന ഭക്ഷണം അധികമായി ഉപയോഗിക്കുന്നതും കരൾ രോഗങ്ങൾക്കു കാരണമാകാം. ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലെ പൂരിത കൊഴുപ്പുകൾ അമിതമായാൽ ഇവ ദഹിപ്പിച്ച് രക്തത്തിൽ നിന്നും നീക്കുന്നതിനു കരളിന് കഴിയാതെ വരുന്നു. ഇത്തരം കൊഴുപ്പുകൾ കരൾ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി കരളിനെ നശിപ്പിക്കാനിടയുണ്ട്.
ഡോ. ഇറിന എസ്. ചന്ദ്രൻ,
പുല്ലായിക്കൊടി ആയുർവേദ,
പൂക്കോത്ത് നട,
തളിപ്പറമ്പ്
ഫോൺ 9544657767