കാസർകോട്: 'വായുമലിനീകരണത്തിനെതിരെ കൈകോർക്കാം' എന്ന സന്ദേശമുയർത്തിക്കൊണ്ട് നടക്കുന്ന ഈ വർഷത്തെ ലോകപരിസ്ഥിതിദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പൊയിൽ ജി.എച്ച്.എസ് എസിൽ ജൂൺ അഞ്ചിന് രാവിലെ 10ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. മടിക്കൈ ഗ്രാമപഞ്ചായത്ത്, ജില്ലാ സാമൂഹ്യവനവൽക്കരണ വിഭാഗം, ഹരിതകേരള മിഷൻ, ജൈവവൈവിധ്യ ബോർഡ്, എം.ജി.എൻ.ആർ.ഇ.ജി, കുടുബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എം. രാജഗോപാലൻ എം. എൽ.എ അധ്യക്ഷനാകും.
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചക്കഫെസ്റ്റിന്റെ ഉദ്ഘാടനം മുൻ എം.പി, പി. കരുണാകരനും ഫോട്ടോസിനിമ പ്രദർശന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും പൊതുകാവ് സംരംക്ഷണ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവും നക്ഷത്രവനത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരിയും ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരനും നിർവഹിക്കും.
മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. കുഞ്ഞമ്പു, മടിക്കൈ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശശീന്ദ്രൻ മടിക്കൈ, എം അബ്ദുൾ റഹ്മാൻ, കാഞ്ഞങ്ങാട് ബി ഡി ഒ ജോയ് റോഡ്‌സ്, മടിക്കൈ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കാസർകോട് അസിസ്റ്റൻഡ് ഫോറസ്റ്റ് കൺസർവേറ്റർ പി. ബിജു സ്വാഗതവും സംഘാടക സമിതി കൺവീനർ സനൽഷ നന്ദിയും പറയും.