തലശേരി: ശ്രീ ജ്ഞാനോദയ യോഗം മുൻ പ്രസിഡന്റ് കെ.പി. രത്നാകരന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ കെട്ടിടം കൈയേറി പാർട്ടി ഓഫീസാക്കിയതായി പരാതി. തലശേരി ജോസ്ഗിരി ഹോസ്പിറ്റൽ റോഡിലെ പി.എൻ. സംയുക്തയുടെ രണ്ടുമുറിയുള്ള റസ്റ്റോറന്റാണ് സി.പി.എം ബ്രാഞ്ച് ഓഫീസാക്കി മാറ്റിയത്. കെ.പി രത്നാകരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിക്ടോറിയ ഹോട്ടലിന് ചേർന്ന് കിടക്കുന്ന കെട്ടിടത്തിലെ രണ്ട് മുറിയുടെ കൈമാറ്റത്തിലാണ് വിവാദം. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് താത്കാലിക ബൂത്ത് കമ്മിറ്റി ഓഫീസാക്കുകയും പിന്നീടത് സി.പി.എം ജോസ് ഗിരി ബ്രാഞ്ച് ഓഫിസാക്കി മാറ്റിയെന്നുമാണ് പരാതി. മുറികൾ വിട്ടുതരണമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, എം.വി ജയരാജൻ തുടങ്ങിയവരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് പി.എൻ സംയുക്ത പറയുന്നു.തന്റെ പേരിൽ ജന്മ തീറാധാരമുള്ള കെട്ടിടമാണിതെന്നും താനുമായി മാനസികമായി അകന്നു കഴിയുന്ന മകൻ അരവിന്ദ് രത്നാകരനെ സ്വാധീനിച്ചാണ് സി.പി.എം ഈ കെട്ടിടം ഓഫീസാക്കി മാറ്റിയതെന്നും സംയുക്ത പറഞ്ഞു. സംയുക്തയുടെ മകൻ അരവിന്ദുമായി രേഖാമൂലമുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി ഓഫിസ് പ്രവർത്തിക്കുന്നതെന്നും കൈയേറ്റം ഉണ്ടായിട്ടില്ലെന്നും സി.പി.എം നേതാക്കൾ പറയുന്നു. രത്നാകരന്റെ മരണശേഷം കോടികൾ വിലമതിക്കുന്ന വിക്ടോറിയ ഹോട്ടലിന്റെ അവകാശത്തിനായുള്ള തർക്കം കോടതിയുടെ പരിഗണനയിലാണ്. പൂട്ടിയിട്ടിരിക്കുന്ന ഹോട്ടലിന്റെ ചുമതല റിസീവറെ ഏൽപ്പിച്ചിരിക്കുകയാണ്. മക്കൾ പോരു മൂലം ഇടയ്ക്കിടെ പ്രശ്നങ്ങൾ തലപൊക്കുമ്പോൾ അതു മുതലെടുക്കാൻ ഒരു വിഭാഗത്തെ കൂട്ടുപിടിച്ച് സി.പി.എം നേതാക്കൾ രംഗത്തു വരികയാണെന്നും തങ്ങൾക്ക് അവകാശമുള്ള സ്വത്തുപോലും മകനെ ഉൾപ്പെടെ സ്വാധീനിച്ച് കൈക്കലാക്കാൻ ശ്രമം നടത്തുകയാണെന്നും സംയുക്ത പറയുന്നു.