മട്ടന്നൂർ: റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ മറ്റൊരു കാറിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ രണ്ടോടെ ചാവശ്ശേ പഴയ പോസ്‌റ്റോഫീസിന് സമീപത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട മാരുതി കാറിൽ മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരു കാറുകളും തകർന്നു.
ഭാരതീയന്റെ ആത്മകഥ കർഷകരുടെ സമരേതിഹാസത്തിന്റെ കഥ: ആലങ്കോട് ലീലാകൃഷ്ണൻ
കരിങ്കൽക്കുഴി: വിഷ്ണുഭാരതീയന്റെ ആത്മകഥ കേവലം ജീവിതകഥ മാത്രമല്ലെന്നും വടക്കെ മലബാറിലെ കർഷകരുടെ സമരേതിഹാസ ഗ്രന്ഥമാണെന്നും കവിയും പ്രഭാഷകനും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. കെ എസ് ആന്റ് എ സി 44ാം വാർഷികാഘോഷവും അടിമകളെങ്ങനെ ഉടമകളായി എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഷ്ണുനമ്പീശൻ എന്ന പേരിൽ നിന്ന് ജാതിസ്വത്വത്തെ സ്വയം വലിച്ചെറിഞ്ഞ് ഭാരതീയൻ എന്ന രാഷ്ട്രീയസ്വത്വത്തെ സ്വീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഈ പ്രദേശത്തെ ഓരോ വീടുകളിലും വേദഗ്രന്ഥമെന്ന പോലെ സൂക്ഷിക്കുകയും വായിക്കപ്പെടുകയും ചെയ്യേണ്ട ഒന്നാണ് ഈ പുസ്തകം. ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
ദേശീയ ധന്വന്തരി പുരസ്‌കാരജേതാവ് ഡോ. ഐ ഭവദാസൻ നമ്പൂതിരി പുസ്തകം ഏറ്റുവാങ്ങി. കനവ് ബുക്ക്‌സ് അഡ്വ. പി അജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഷെരീഫ് ഈസ മുഖ്യാതിഥിയായി പങ്കെടുത്തു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികൾക്കും കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. താഹിറ ഉപഹാരങ്ങൾ നൽകി. മഹേഷ് കക്കത്ത്, ഒ .നാരായണൻ, കെ. വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വി .വി. ശ്രീനിവാസൻ സ്വാഗതവും പി .എം. അരുൺകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ദർപ്പണ സ്‌കൂൾ ഓഫ് ആർട്‌സ് അവതരിപ്പിച്ച നൃത്താവിഷ്‌കാരം ഇടശ്ശേരിയുടെ പൂതപ്പാട്ട്, കെ .എസ് ആന്റ് എ .സി. അവതരിപ്പിച്ച നാടകം കണാരൻ കിണർ എന്നിവ അരങ്ങേറി.പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ എഡിറ്റർ മഹേഷ് കക്കത്താണ്.
കൊട്ടിയൂർ എസ്.എൻ ഡി പിശാഖയ്ക്ക് അംഗീകാരം
ഇരിട്ടി : ഇരിട്ടി താലൂക്കിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച എസ്.എൻ ഡി പി ശാഖകൾക്കുള്ള അംഗീകാരം ഈ വർഷവുംകൊട്ടിയൂർ ശാഖയ്ക്ക് ലഭിച്ചു മികച്ച പ്രവർത്തനം നടത്തിയ 36 എസ് .എൻ. ഡി. പി ശാഖകളിൽ നിന്നാണ് കൊട്ടിയൂർ ശാഖയെ തിരഞ്ഞെടുത്തത് മികച്ച പ്രവർത്തനത്തിനുള്ള കെ.എൻ. ഗോപാലൻ സ്മാരക ട്രോഫി എസ്.എൻ ഡി.പി യോഗം അസി.സെക്രട്ടറി എം.ആർ ഷാജികൊട്ടിയൂർ ശാഖാ ഭാരവാഹികൾക്ക് നല്കി പ്രളയകാലഘട്ടത്തിൽ കൊട്ടിയൂർ ശാഖ നടത്തിയ പ്രശംസനീയമായ പ്രവർത്തനമാണ് അവർക്ക് അംഗീകാരം ലഭിക്കുന്നതിന് കാരണമായത് യൂണിയൻ സെക്രട്ടറി പി.എൻ ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ സോമൻ തളിപ്പറമ്പ് യൂണിയൻ സെക്രട്ടറി വി.പി ദാസൻ, വി.എൻ മുരളി, കെ.ജനാർദ്ദനൻ .കെ .എം രാജൻ, പി.കെ രാമൻ, എം.വി പ്രഭാകരൻ, ബാബു തൊട്ടിക്കൽ, കെ.എം സുകുമാരൻ, നിർമ്മല അനിരുദ്ധൻ, രാധാ ഗോപി, പി.കെ വേലായുധൻ എവർ പങ്കെടുത്തു.
കെ.പി.നൂറുദ്ദീൻ അനുസ്മരണം
ഇരിട്ടി : മുൻ മന്ത്രിയും ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റും മഹാത്മാഗാന്ധി കോളേജ് സ്ഥാപക മാനേജരുമായിരുന്ന കെ.പി. നൂറുദ്ദീൻ സാഹിബിന്റെ മൂന്നാം ചരമ വാർഷികദിനാചരണം എഡ്യുക്കേഷണൽ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. സൊസൈറ്റി വൈസ് പ്രസിഡന്റ് സി.എസ്. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി അനുസ്മരണ ഭാഷണം നടത്തി. ജനറൽ സിക്രട്ടറി ബേബിജോൺ പൈനാപ്പള്ളി, ട്രഷറർ കെ.കെ. നരേന്ദ്രൻ, സിക്രട്ടറിമാരായ എം.ജെ. ജോൺ, കെ. വത്സരാജ്, ഡയറക്ടർമാരായ ജോസ് നരിമറ്റം, അഡ്വ. കെ. എ. ഫിലിപ്പ് , കെ.എം. ബേബി, ജോയിക്കുട്ടി അബ്രഹാം, സി.വി. എം. വിജയൻ, ഫിലോമിനാ സെബാസ്റ്റ്യൻ, എം. സതീശൻ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഡോ. വി. അജിത, തുടങ്ങിയവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.
താജ് ഓഡിറ്റോറിയത്തിൽ ഇഫ്താർ കൂട്ടായ്മ
തലശ്ശേരി. ലോഗൻസ് റോഡിലെ താജ് ഗെയ്‌സിന്റെ ആഭിമുഖ്യത്തിൽ വ്യാപാരികളുടേയും, തദ്ദേശീയരുടേയും കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ജാതി, മത, രാഷ്ട്രീയഭേദമെന്യേ നിരവധി പേർ കൂട്ടായ്മയിൽ പങ്കാളികളായി.
ബാറയിൽ ഹസീബ്, റഫീഖ് എടക്കണോത്ത്, ഷൗക്കത്ത്, നാലകത്ത് റയീസ്, ഫസീ ചെറുവക്കര, തൗക്കിർ, അസ്ഗർ, റയീസ് എന്നിവർ കൂട്ടായ്മക്ക് നേതൃത്വം നൽകി.
അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും.
കണ്ണൂർ:ലൈബ്രറികൗൺസിൽ കളക്ട്രേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന 13ാമത് രാജ്യാന്തര പുസ്തകോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ഐ.വി. ദാസ് പുരസ്‌കാരവും ജില്ലാ താലുക്ക് പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
ഇന്നലെ നടന്ന ബാലസംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .പി. ദിവ്യ ഉദ്ഘാടനം ചെയ്തു. അക്ഷരമുറ്റം എഡിറ്റർ നാരായണൻ കാവുമ്പായി, ആകാശവാണി പ്രോഗ്രാം ഡയരക്ടർ വി ചന്ദ്രബാബു, ശാസ്ത്രജ്ഞൻ പി .എം. സിദ്ധാർത്ഥൻ, വളപട്ടണം പഞ്ചായത്ത് ലൈബ്രേറിയൻ ബിനോയ് എന്നിവർ ക്ലാസെടുത്തു. ശൈലജ തമ്പാന്റെ ഓർമയുടെ മുറിപ്പാടുകൾ പി .പി. ദിവ്യ പി .കെ. ബൈജുവിന് നൽകി പ്രകാശനം ചെയ്തു. ഇ. ചന്ദ്രൻ അദ്ധ്യക്ഷനായി. കെ. ശിവദാസൻ സ്വാഗതവും എ .പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.
കാർ മറിഞ്ഞ് നാലു പേർക്ക് പരുക്ക്
കൂത്തുപറമ്പ്.നിർമ്മലഗിരിക്കടുത്ത മൂന്നാംപീടികയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് നാല് പേർക്ക് പരുക്ക്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ തലശ്ശേരിയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ് .കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ വൈകിട്ട് മൂന്നര മണിയോടെ നിയന്ത്രണം വിട്ട കാർ ഇലട്രിക് പോസ്റ്റിലിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഓടി എത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അദ്ധ്യാപക ഒഴിവ്
കടന്നപ്പള്ളി:കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഉറുദു പാർട്ട് ടൈം ടീച്ചറുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 16ന് രാവിലെ 11 മണിക്ക് നടക്കും.
ഇരിട്ടി: പേരട്ട ഗവ.എൽ.പി സ്‌ക്കൂളിൽ എൽ.പി എസ്.എ അധ്യാപക തസ്തികയലേക്ക് ജൂൺ ഒന്നിന് രാവിലെ 10.30 ന് കുടിക്കാഴ്ച നടക്കും യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് തന്നെ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
കൊട്ടിയൂരിൽ ഇന്ന് രേവതി ആരാധന
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ഇന്ന് അക്കരെ കൊട്ടിയൂരിൽ നടക്കും.ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടക്കുക. രേവതി ആരാധനയ്ക്കും ഉച്ചയ്ക്ക് പൊന്നിൻ ശീവേലിക്ക് വിശേഷ വാദ്യങ്ങൾ ഉണ്ടാകും.
ആനകൾക്ക് സ്വർണ്ണവും വെള്ളിയും കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടവും മറ്റലങ്കാരങ്ങളും ഉണ്ടാവും. സ്വർണ്ണക്കുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളിക്കിടാരം, വെളളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങൾ ശീവേലിക്ക് അകമ്പടിയായി എഴുന്നള്ളിക്കും. രേവതി ആരാധന തെക്കേക്കോവിലകം വകയായാണ് നടക്കുന്നത്. പൊന്നിൻശീവേലിയോടു കൂടി നടത്തുന്ന ചടങ്ങുകൾക്ക് ശേഷം വാളശ്ശന്മാർ, പട്ടാളി, കുടിപതികൾ എന്നിവർക്കായി കോവിലകം കയ്യാലയിൽ വച്ച് ആരാധനാ സദ്യയും നടക്കും.വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽ നിന്നെത്തിക്കുന്ന പഞ്ചഗവ്യവും സന്ധ്യയോടെ മണിത്തറയിൽ സമർപ്പിക്കും. തുടർന്ന് ആരാധനാ പൂജയും സ്വയംഭൂ വിഗ്രഹത്തിൽ പഞ്ചഗവ്യം, നവകം, കളഭം എന്നീ അഭിഷേകങ്ങളും നടക്കും.വൈശാഖ മഹോത്സവത്തിൽ ഏറെ പ്രാധാന്യമേറിയതും അവസാനത്തേതുമായ രോഹിണി ആരാധന ജൂൺ മൂന്നി നാണ് നടക്കുന്നത്.
കോൺഗ്രസ്സ് പ്രവർത്തകന്റെ വീട് വരാന്തയിൽ റീത്ത്
പാനൂർ: കരിയാട് പടന്നക്കരയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ട് വരാന്തയിൽ റീത്ത് വച്ച നിലയിൽ. കാട്ടിൽ പറമ്പത്ത് ഉദയൻ ആചാരിയുടെ വീട്ടു വരാന്തയിലാണ് റീത്ത് കണ്ടെത്തിയത്. . വീട്ട് വരാന്തയിൽ ചുവപ്പ് പൊടി വിതറി വാതിൽപ്പടിയിൽ റീത്ത് ചാരി വെച്ച നിലയിലായിരുന്നു. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ഉദയൻ ആചാരി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി എഫിന് വേണ്ടി പ്രവർത്തിച്ചിരുന്നു
സംഭവത്തിൽ ഉദയൻ ആചാരി ചൊക്ലി പോലീസിൽ പരാതി നല്കി.കോൺഗ്രസ്സ് നേതാക്കളായ ടി.എം ബാബുരാജ്, കെ.അശോകൻ, സി.കെ കൃഷ്ണകുമാരി, കെ.സുധീഷ്, രാജേഷ് കരിയാട്, ടി.പി അനൂപ്, ബജിത്ത്, ടി.പി ബാബു എന്നിവർ ഉദയന്റെ വീട്ടിലെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പൊതുയോഗം സംഘടിപ്പിച്ചു.
കേന്ദ്ര സീനിയർ ഫെല്ലോഷിപ്പ് അനിൽ പുത്തലത്തിന്
പയ്യന്നൂർ: 20182019 വർഷത്തെ കഥകളിക്കുള്ള കേന്ദ്രസീനിയർ ഫെല്ലോഷിപ്പ് പ്രശസ്ത കഥകളി നടനും കൊറിയോഗ്രാഫറുമായ പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അനിൽ പുത്തലത്തിന്. ഇന്ത്യയിലും വിദേശങ്ങിളി ലും കഥകളി അവതരിപ്പിച്ച് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ അനിൽ പുത്തലത്ത് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ . ബാഗ്ലൂർ ഗസ്റ്റ് ലക്ചർ പദവി വഹിക്കുകയാണ്.. കൂടാതെ, ഭാരത സർക്കാറിന്റെ കീഴിലുള്ള സോംഗ് ആൻഡ് ഡ്രാമ ഡിവിഷൻ 'എം '' പാനൽ എ ഗ്രേഡ് ആർട്ടിസ്റ്റ്, ഓൾ ഇന്ത്യാ ക്ലാസിക്കൽ, ഫോക് ആന്റ് ട്രൈബൽ ആർട്ട് കലാ പരിഷത്തിന്റെ നാഷണൽ എക്‌സിക്യൂട്ടീവ് മെമ്പർ , പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ട്രസ്റ്റി ബോർഡ് മെമ്പർ. ഗ്രാമം പ്രതിഭ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. പരേതനായ വി.കെ.കുഞ്ഞമ്പു പൊതുവാളിന്റെയും പുത്തലത്ത് കാർത്ത്യായനിയമ്മയുടെയും മകനാണ്.ഭാര്യ : കെ.എ.രാധഅനിൽ , മക്കൾ: അക്ഷയ് കുമാർ, കൃഷ്ണകുമാർ.