പയ്യന്നൂർ: പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പരിഹാരമില്ലാതെ പയ്യന്നൂർ താലൂക്കിലെ ഭൂപ്രശ്നം നീളുന്നു. ഒരുഭാഗത്ത് ഭൂമി കൈയേറ്റവും പ്രകൃതി ചൂഷണവും നിർബാധം നടക്കുമ്പോഴാണ് സർക്കാർ പതിച്ച് നൽകിയ ഭൂമിയിൽ കയറാൻ പോലും അവകാശമില്ലാത്ത വലിയൊരു വിഭാഗം ദരിദ്രർ നടപടി കാത്തുകിടക്കുന്നത്.

ഇപ്പോൾ പയ്യന്നൂർ താലൂക്കിൽ ഉൾപ്പെട്ട അവിഭക്ത തളിപ്പറമ്പ് താലൂക്കിലെ പെരിന്തട്ടയിൽ ഇത്തരം നിരവധി കേസുകളാണുള്ളത്.പെരിങ്ങോം വില്ലേജുകളിൽ പെട്ട ഇവിടെ വലിയൊരു വിഭാഗം ഭൂരഹിതരാണ് റവന്യു ഉദ്യോഗസ്ഥരുടെ പിടിപ്പ്‌കേടും കെടുകാര്യസ്ഥതയും കാരണം അവകാശപ്പെട്ട ഭൂമിയിൽ പ്രവേശിക്കാൻ കഴിയാതെ പെരുവഴിയിലുള്ളത്.
പയ്യന്നൂർ താലൂക്ക് രൂപീകൃതമായിട്ടു ഒരുവർഷം കഴിഞ്ഞിട്ടും പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ തുടങ്ങിയില്ല. പതിച്ചുകൊടുത്ത ഭൂമി ഭൂരഹിതർക്ക് ഉപയോഗിക്കാനോ സർക്കാർ അധീനതയിലുളള ഭൂമി സംരക്ഷിക്കുന്നതിനോ അധീനതയിൽ വരേണ്ടുന്ന ഭൂമി ഏറ്റെടുക്കുന്നതിനോ യാതൊരു ശ്രമവും ഇവിടെ നടക്കുന്നില്ല.

ഭൂപരിഷ്‌കരണ നിയമപ്രകാരം മിച്ചഭൂമിയായി ഏറ്റെടുത്ത് 18 വർഷം മുമ്പ് പതിച്ചുനൽകി പട്ടയം കൊടുത്ത ഭൂമി അർഹരായവർക്ക് അനുഭവവേദ്യമാക്കാൻ റവന്യൂ ഡിപ്പാർട്ടുമെന്റിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. കണ്ണൂർ ജില്ലയിലെ റവന്യു ഡിപ്പാർട്ടുമെന്റിന്റെ കെടുകാര്യസ്ഥതയ്ക്ക് നല്ല ഉദാഹരണമാണ് പെരിന്തട്ട വില്ലേജിലെ കണ്ണങ്കൈ ഭൂപ്രശ്നം.

സസ് പെൻഷൻ ചെയ്തിട്ടും ഭൂമി തിരിച്ചുപിടിച്ചില്ല
അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ റവന്യു രജിസ്ട്രാർ റദ്ദാക്കിയ പെരിങ്ങോം വില്ലേജിലെ 3 ഏക്കർ 8 സെന്റും തെറ്റായി പട്ടയം കൊടുത്തതിന്റെ പേരിൽ ഒരു ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെ അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ സസ് പെൻഷന് ഇടയാക്കിയ അഞ്ച് ഏക്കർ ഭൂമിയും ഇപ്പോഴും സർക്കാർ അധീനതയിൽ കൊണ്ടുവരാനായിട്ടില്ല.
പെരിങ്ങോം ടൗണിനു സമീപം കണ്ണായ സ്ഥലത്തുളള അരയേക്കർ ഉപയോഗപ്പെടുത്തി ഇലക്ട്രിസിറ്റി ഡിവിഷൻ ഓഫീസ് ആരംഭിക്കാനുളള നാട്ടുകാരുടെ ശ്രമവും പാഴായി. ഈ സ്ഥലം ആർക്കും കൈയേറാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും പറയുന്നു. പെരിന്തട്ട വില്ലേജിൽ ഒരു ഏക്കർ 10 സെന്റ് സ്ഥലം കൃത്രിമരേഖ ചമച്ചു സ്വന്തമാക്കാൻ എല്ലാഒത്താശയും വില്ലേജ് റവന്യു അധികൃതർ ചെയ്തുകൊടുത്തതായ ആരോപണവുമുണ്ടായി. ഇതൊക്കെ ചെയ്യാൻ ആവേശം കാട്ടുന്ന അധികൃതർ പാവപ്പെട്ടവന്റെ കാര്യത്തിൽ മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നാണ് ആക്ഷേപം.
2015ൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ആധാരത്തിന്റെയും തുടർന്നുളള ആധാരങ്ങളുടെയും അടിസ്ഥാനത്തിൽ ഭൂമി കൈവശം വെക്കുന്നതിന്റെയും കല്ലുമുറിച്ചു വിൽക്കുന്നതിന്റെയും സാധുതയും അർഹതയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭൂസംരക്ഷണസമിതിയും ജനപ്രതിനിധിയും നല്കിയ നിവേദനങ്ങളും കത്തിടപാടുകളും നൂലാമാലയിൽപെട്ട് ഇഴയുമ്പോൾ കൃത്രിമ രേഖചമച്ചവർ കല്ലുവെട്ടിയെടുത്ത് ലക്ഷങ്ങൾ കൊയ്യുകയാണെന്ന പരാതിയുമുണ്ട്.