പ്രതിഷേധവുമായി നെൽകർഷകർ

തടസമായത് ആഴത്തിലുള്ള ചെളി

ഉപയോഗപ്പെടുത്തിയത് 93 തൊഴിൽ ദിനങ്ങൾ

ഇനിയും വേണ്ടത് 250 തൊഴിൽ ദിനങ്ങൾ

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിന്റെ നെല്ലറയായ കുട്ടനാടി പാടശേഖരത്തിലെ ചൊവ്വറമ്പ് കുളത്തിന്റെ നവീകരണം പാതിവഴിയിൽ നിർത്തിയതോടെ പ്രതിഷേധവുമായി നെൽകർഷകർ രംഗത്ത്.

കുട്ടനാടി പാടത്ത് ജലസേചനത്തിനായി നാലു പദ്ധതികൾ ആരംഭിച്ചെങ്കിലും കർഷകർക്ക് ഉപയോഗപ്രദമായിട്ടുള്ളത് ഒന്നുമാത്രമാണ്. കാലവർഷത്തിനു മുമ്പ് ചൊവ്വറമ്പിലെ കുളത്തിന്റെ നവീകരണം ലക്ഷ്യമിട്ട് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ മാസം 93 തൊഴിൽ ദിനങ്ങൾ ഉപയോഗപ്പെടുത്തിയെങ്കിലും ആഴത്തിൽ ചളി നിറഞ്ഞ കുളത്തിൽ പ്രവൃത്തി പാതിവഴിയിൽ നിലച്ച നിലയിലാണ്. മൂന്നടിയലധികം താഴ്ചയിലുള്ള ചളി കോരിമാറ്റിയാൽ മാത്രമേ ജലസേചനം നടത്താനാവൂ. ഇതിനായി 250 തൊഴിൽ ദിനങ്ങളെങ്കിലും ഇനിയും അനുവദിച്ചാൽ മാത്രമേ പ്രവർത്തി പൂർത്തിയാകുകയുള്ളൂ.

കുളത്തോട് ചേർന്ന് ടാങ്കും പമ്പ് ഹൗസും നിർമിച്ചെങ്കിലും വെള്ളം പമ്പ് ചെയ്യാൻ ആരംഭിച്ചിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച കുളം ഏഴു വർഷം മുമ്പാണ് പടവുകൾ നിർമിച്ചു നവീകരിച്ചത്. എന്നാൽ വയലിനോട് ചേർന്നുള്ള കുളം ചളി നിറഞ്ഞാൽ കോരി മാറ്റാതെ ജലസേചനം നടത്താനാവില്ല.

പടം കുട്ടനാടി പാടശേഖരത്തിലെ ചൊവ്വറമ്പ് കുളത്തിലെ ചളി നീക്കൽ പാതിവഴിയിൽ നിർത്തിവച്ച നിലയിൽ.