ചെറുവത്തൂർ: പിലിക്കോട് ദേശീയപാതയിൽ മട്ടലായിയിൽ ലോറിയും കാറുകളും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.
തളിപ്പറമ്പ് മാർക്കറ്റിലെ മത്സ്യ വ്യാപാരി ഏഴാംമൈലിലെ ടി.പി താജുദ്ധീൻ (40) ആണ് മരിച്ചത്. ഇയാളോടൊപ്പം കാറിലുണ്ടായിരുന്ന ഭാര്യ കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി എം.കെ നജ്മ (33), ഇവരുടെ സഹോദരി ബീഫാത്തിമ (39), താജുദ്ധീന്റെ മക്കളായ നിദ (13), ഹാദി (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗളുരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തളിപ്പറമ്പിൽ നിന്നും മീനാപ്പീസ് കടപ്പുറത്തേക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച നാനോ കാറിൽ ബുധനാഴ്ച വൈകീട്ട് ആറോടെ മട്ടലായി പെട്രോൾ പമ്പിന് സമീപത്ത് വെച്ച് മിനി കണ്ടയ്നർ ലോറി ഇടിക്കുകയും പിന്നാലെയെത്തിയ ഇന്നോവ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിന് കുറുകെ മറിഞ്ഞു.
അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞങ്ങാട് നിന്നും കോഴിക്കോടേക്ക് പോകുകയിരുന്നു കണ്ടയ്നർ ലോറി. കോഴിക്കോടു നിന്നും മംഗളുരുവിലേക്ക് പോകുകയിരുന്നു ഇന്നോവ കാർ.