കാസർകോട്: മോദി അനുകൂല പ്രതികരണം നടത്തി രംഗത്തുവന്ന കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ വരുന്ന ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ മഞ്ചേശ്വരത്തെ ബി.ജെ.പിയിൽ പൊട്ടിത്തെറി. രാഷ്ട്രീയത്തിൽ വിശ്വാസ്യത ഇല്ലാത്ത നിലപാടുകൾ സ്വീകരിച്ച അബ്ദുള്ളക്കുട്ടിയെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് കേരളത്തിന്റെ വടക്കൻ അതിർത്തി മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും പറയുന്നത്.
കൂടാതെ മഞ്ചേശ്വരം മണ്ഡലത്തിൽ അബ്ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥിയാക്കിയാൽ മഞ്ചേശ്വരത്തെ പരമ്പരാഗതമായ ഹൈന്ദവ വോട്ടുകൾ ഒഴുകിപ്പോകുമെന്നും ബി.ജെ.പി ജില്ലാ നേതൃത്വം ഭയക്കുന്നു. കാസർകോട്, മഞ്ചേശ്വരം ഭാഗങ്ങളിലെ ഹൈന്ദവ വോട്ടുകളാണ് ബി.ജെ.പിയുടെ ശക്തിയും അടിത്തറയും. അതില്ലാതായാൽ കാസർകോട് ബി. ജെ.പി ഇല്ലാതാകും. യു.ഡി.എഫും എൽ.ഡി.എഫും ന്യൂനപക്ഷ വിഭാഗത്തിലെ ആളുകളെ സ്ഥാനാർത്ഥിയാക്കിയാൽ അപ്പുറത്ത് നിർത്തുന്ന സ്ഥാനാർത്ഥിയുടെ പെട്ടിയിൽ ബി.ജെ.പി വോട്ടുകൾ വീഴുമെന്നും ഉറപ്പാണ്. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളും ഇവിടെ നിർണ്ണായകമാണ്.
അതിർത്തി മണ്ഡലത്തിൽ രാഷ്ട്രീയത്തിന് അപ്പുറം ജാതിയും മതവും എല്ലാമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയുടെ ജാതിയും മതവും നോക്കിയുമാണ് ഭൂരിഭാഗം ജനങ്ങളും വോട്ട് ചെയ്യുന്നത്. മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥി ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ശക്തി തെളിയിച്ച രവീശ തന്ത്രി കുണ്ടാർ തന്നെ ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. സംഘപരിവാറിന്റെ മഞ്ചേശ്വരം മണ്ഡലം പ്രഭാരി കൂടിയായ രവീശ തന്ത്രി കുണ്ടാർ ലോക്സഭാ തിരഞ്ഞെടുപ്പിലെ ക്ഷീണം മാറുന്നതിന് മുമ്പ് തന്നെ മഞ്ചേശ്വരം മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. ഈ തിരഞ്ഞെടുപ്പിൽ തന്ത്രി പതിനായിരത്തോളം വോട്ടുകൾ മഞ്ചേശ്വരത്ത് കൂടുതലായി പിടിച്ചിരുന്നു.
ഇടതുമുന്നണിക്ക് കുറഞ്ഞ വോട്ടുകളാണ് യു.ഡി.എഫിന് ഇവിടെ കൂടുതലായി കിട്ടിയത്. കർണ്ണാടക ബി.ജെ.പി നേതാക്കളുടെ ആഗ്രഹവും തന്ത്രി മഞ്ചേശ്വരത്ത് നിയമസഭയിലേക്ക് മത്സരിക്കണമെന്നു തന്നെയാണ്. മഞ്ചേശ്വരത്ത് ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ . കെ. ശ്രീകാന്ത് സ്ഥാനാർത്ഥിയാകണമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആഗ്രഹിക്കുന്നുമുണ്ട്. എന്നാൽ മത്സരിക്കുന്നത് സംബന്ധിച്ച് അദ്ദേഹം മനസ് തുറന്നിട്ടില്ല. അതിനിടയിലാണ് അബ്ദുള്ളക്കുട്ടിയുടെ പേര് ഉയർന്നുവന്നത്.
മഞ്ചേശ്വരത്തെയും കാസർകോട്ടെയും ബി.ജെ.പി നേതാക്കളിലും അണികളിലും ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എതിർപ്പ് അവർ പാർട്ടി സംസ്ഥാന, ദേശീയ നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.
പാർട്ടി ചർച്ച ചെയ്തിട്ടില്ല: രവീശ തന്ത്രി
കോൺഗ്രസ് വിട്ടുവരുന്ന അബ്ദുള്ളക്കുട്ടിയെ എടുക്കുന്നതോ സ്ഥാനാർത്ഥിയാക്കുന്നതോ ആയ കാര്യം പാർട്ടിക്കുള്ളിൽ ഇതുവരെ ചർച്ചചെയ്തിട്ടില്ലെന്ന് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ആയിരുന്ന രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. മണ്ഡലത്തിൽ ജയിക്കുന്നതിനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടത്തുന്നത്. സ്ഥാനാർത്ഥിയെ നിശ്ചിയിക്കേണ്ടത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണ്. അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയായാൽ മഞ്ചേശ്വരത്തെ ഒരു ബി.ജെ.പി പ്രവർത്തകനെയും പ്രവർത്തനത്തിന് കിട്ടാത്ത സ്ഥിതിയുണ്ടാകും. ആത്മഹത്യാപരമായ തീരുമാനം എടുക്കാൻ കേന്ദ്രനേതൃത്വം തയ്യാറാകില്ലെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.