ap-abdullakutty-sudheeran

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട കോൺഗ്രസ് നേതാവ്‌ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപ്പക്ഷിയാണെന്നും വേലിചാടുന്ന പശുവിനെപ്പോലെയാണ് അദ്ദേഹത്തിന്റെ നീക്കമെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. രാഷ്ട്രീയ അഭയം നൽകിയ കോൺഗ്രസിനെ തിരിഞ്ഞുകുത്തുകയാണെന്നും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബി.ജെ.പിയിലേക്ക് പോകുന്നതെന്നും ഇത്തരത്തിലുള്ള അഞ്ചാംപത്തികളെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നും അതിൽ പറയുന്നു. ഗാന്ധിയൻ മൂല്യങ്ങൾ ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചുവെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കോൺഗ്രസിൽ നിന്നുകൊണ്ട് ബി.ജെ.പിക്ക് മംഗളപത്രം രചിക്കുന്ന രീതി അംഗീകരിക്കാനാവില്ല. അബ്ദുള്ളക്കുട്ടി സി.പി.എമ്മിൽനിന്ന് കോൺഗ്രസിൽ എത്തിയത് അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ്. ഇപ്പോൾ ബി.ജെ.പിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് മുറുക്കിക്കൊണ്ടിരിക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

രണ്ടുതവണ സി.പി.എമ്മിന്റെ ലോക്‌സഭാംഗവും പന്നീട് കോൺഗ്രസിന്റെ നിയമസഭാംഗവും ആയിരുന്ന അദ്ദേഹം ഇപ്പോൾ താമരക്കുളത്തിൽ മുങ്ങിക്കുളിക്കാനാണ് മോഹിക്കുന്നത്. ഒരിക്കൽ വേലിചാടിയ പശു പിന്നീട് കാണുന്ന വേലികളൊക്കെ ചാടികടക്കും. അതുപോലെയാണ് അബ്ദുള്ളക്കുട്ടി.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മത്സരിക്കാൻ അവസരം കിട്ടാത്തതാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിന് കാരണം. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടുന്ന അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടിയെ വഴിയിൽ ഉപേക്ഷിക്കണമെന്ന മുന്നറിയിപ്പും മുഖപ്രസംഗം നടത്തുന്നുണ്ട്.

സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല: അബ്ദുള്ളക്കുട്ടി

കണ്ണൂർ: ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ച് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലെന്ന് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. മുഖപ്രസംഗം കണ്ട് ശരിക്കും ഞെട്ടിപ്പോയി. ചിലർ വ്യക്തി വിരോധം തീർക്കാനാണ് ഇത്തരം ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ഇന്ദിരാഗാന്ധിയെ പെൺഹിറ്റ്ലറെന്ന് വിളിച്ചവരാണ് ഇതിനു പിന്നിൽ. വി.എം. സുധീരനെ പോലുള്ളവരുടെ ആദർശം വെറും കാപട്യമാണെന്ന് ആരോപിച്ച അബ്ദുള്ളക്കുട്ടി തന്റെ ഫേസ് ബുക്ക് പോസ്റ്റ് വരികൾക്കിടയിലൂടെയാണ് വായിക്കേണ്ടതെന്നും പറഞ്ഞു.

താൻ ആരുമായും ചർച്ച നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് വിശകലനം മാത്രമാണ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. കെ.പി.സി.സി വിധി പ്രസ്താവിക്കുന്നതിനുമുമ്പ് പാർട്ടി പത്രം ഇത്തരമൊരു വിധി പ്രസ്താവിച്ചത് ഏതു സാഹചര്യത്തിലാണെന്നു മനസിലാകുന്നില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.