ഉത്തരവിറങ്ങിയത് 436 ഉദ്യോഗാർഥികളുടെ

എൽ.പി.എസ് എ 346

യു.പി.എസ് എ 90

കാസർകോട്: ആശങ്കകൾ ആസ്ഥാനത്താക്കി കാസർകോട് ജില്ലയിലെ ഒഴിവുള്ള തസ്തികകളിൽ അധ്യാപക നിയമനം നടത്താനുള്ള ഡി.ഡി.ഇയുടെ ഉത്തരവ് ഇറങ്ങി. എൽ.പി.എസ്.എ, യു.പി.എസ്.എ തസ്തികകളിലേക്ക് പി.എസ്.സി ശുപാർശ ചെയ്ത 436 ഉദ്യോഗാർഥികളുടെ നിയമന ഉത്തരവിൽ വിരമിക്കുന്നതിന് തലേന്നാൾ ഡി.ഡി.ഇ ഒപ്പുവെക്കുകയായിരുന്നു. എൽ.പി.എസ് എയിൽ 346 തസ്തികയിലേക്കും യു.പി.എസ് എയിൽ 90 തസ്തികയിലേക്കുമാണ് നിയമനം നടന്നത്. ഭൂരിഭാഗം ഉദ്യോഗാർഥികളും ഈ ആഴ്ച തന്നെ ജോലിയിൽ പ്രവേശിക്കും. ഇതിനുശേഷവും ഒഴിവുള്ള തസ്തികകളിൽ താൽകാലിക നിയമനം നടത്താനുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും.

സ്വന്തക്കാരെ അവർക്കിഷ്ടമുള്ള സ്‌കൂളുകളിലേക്ക് നിയമിക്കണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തിയത് കാരണം അധ്യാപക നിയമനം വൈകുമെന്ന് ഉദ്യോഗാർത്ഥികൾക്ക് ആശങ്കയുണ്ടായിരുന്നു. ഡി.ഡി.ഇയെ സമ്മർദത്തിലാക്കി കാര്യം നേടാനാണ് അധ്യാപക സംഘടനകൾ ശ്രമിച്ചത്. തിങ്കളാഴ്ച പുറത്തിറങ്ങേണ്ട നിയമന ഉത്തരവ് സമരം കാരണം തടസപ്പെടുകയും ചെയ്തിരുന്നു. ഡി.ഡി.ഇ അവധി ആയതിനാൽ ഉത്തരവ് ഇറങ്ങുന്നത് പിന്നെയും തകിടം മറിയുമെന്ന് കരുതിയിരുന്നു. എന്നാൽ ഇന്ന് വിരമിക്കുന്ന ഡി.ഡി.ഇ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉത്തരവുകളിൽ ഒപ്പുവെച്ചു അയക്കാൻ തയ്യാറാവുകയായിരുന്നു.

പുതിയ അധ്യയന വർഷം സ്‌കൂൾ തുറക്കുമ്പോൾ മുഴുവൻ സ്‌കൂളിലും അധ്യാപകരുണ്ടാകണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് ഡി.ഡി.ഇ നിയമന ഉത്തരവ് ഇറക്കിയത്. പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് വർഷങ്ങളായി നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ നിയമനത്തിനെതിരെ നിലപാടെടുത്ത ചില സംഘടന നേതാക്കൾക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ചില നേതാക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് നിയമന ഉത്തരവിനെതിരെ രംഗത്തുവന്നതെന്നാണ് ഇവർ പറയുന്നത്. ജില്ലയുടെ വടക്കൻമേഖലകളിലുള്ള മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിൽ പതിനഞ്ചോളം സ്‌കൂളുകളിൽ പ്രധാനാധ്യാപകൻ മാത്രമാണുണ്ടായിരുന്നത്. പി.എസ്.സി നിയമനം ലഭിക്കുന്ന പുതിയ അധ്യാപകരെ തങ്ങളുടെ സംഘടനയിൽ ഉൾപ്പെടുത്താനുള്ള അധ്യാപക സംഘടനകളുടെ മത്സരമാണ് കാസർകോട് കണ്ടതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.