കാസർകോട്: കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്ന് മംഗളൂരുവിലേക്ക് രാവിലെ യാത്ര ചെയ്യുന്നവർ ഒമ്പത് മാസത്തിലേറെയായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകുന്നു. ജൂൺ 14 മുതൽ 56655 നമ്പർ കണ്ണൂർ - മംഗളുരു പാസഞ്ചർ 6:45 നു പുറപ്പെടും. രാവിലെ 8.18 ന് ചെറുവത്തൂരും 9.10 ന് കാസർകോട് ജില്ലാ ആസ്ഥാനത്തും എത്തിയിരുന്ന പാസഞ്ചർ ഇനിമുതൽ അര മണിക്കൂർ നേരത്തെ എത്തിച്ചേരും.

കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് മംഗളുരു പാസഞ്ചർ കണ്ണൂരിൽ നിന്നു പുറപ്പെടുന്ന സമയം 7:15 ലേക്ക് മാറ്റിയിരുന്നത്. കണ്ണൂരിൽ നിന്നു പുറപ്പെടുന്നത് അര മണിക്കൂർ നേരത്തെയാക്കിയതോടെ 10.15 ന് മംഗളൂരുവിൽ എത്തുവാൻ പ്രയാസമുണ്ടാവില്ല.

കാസർകോട് ജില്ലയിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പാസഞ്ചർ ട്രെയിനിന്റെ സമയമാറ്റം ഏറെ പ്രയോജനം ചെയ്യും. നിലവിൽ ആറുമണിക്ക് മാവേലിയും 6.20 ന് ചെറുവത്തൂർ പാസഞ്ചറും പോയാൽ പിന്നെ ഒന്നര മണിക്കൂർ നേരത്തേക്ക് കാസർകോട് റൂട്ടിൽ പാസഞ്ചർ തീവണ്ടികളൊന്നും ഉണ്ടായിരുന്നില്ല.

പാസഞ്ചേഴ്‌സ് യൂണിയൻ ഉൾപ്പടെയുള്ള യാത്രക്കാരുടെ കൂട്ടായ്മകളും ജനപ്രതിനിധികളും നടത്തിയ നിരന്തര പരിശ്രമത്തിനൊടുവിലാണ് സമയം മാറ്റാൻ റെയിൽവേ തയ്യാറായത്. ബൈന്തൂർ പാസഞ്ചർ സമയം മാറ്റി പുനഃസ്ഥാപിക്കുക, മലബാർ എക്‌സ്പ്രസ് പഴയ സമയക്രമം അനുസരിച്ച് ഓടിക്കുക എന്നീ ആവശ്യങ്ങൾ റെയിൽവേ അംഗീകരിച്ചില്ല.