തളിപ്പറമ്പ്: ജയിൽ വകുപ്പിന്റെ ഭക്ഷ്യ വിൽപ്പനസ്റ്റാൾ എടുത്തു മാറ്റാൻ മുനിസിപ്പാലിറ്റിയുടെ നീക്കത്തിൽ പ്രതിഷേധമുയരുന്നു.ബസ് സ്റ്റാൻഡ് പരിസരത്ത് സെൻട്രൽ ജയിലിലെ ഭക്ഷ്യവിഭവങ്ങൾ വിൽപ്പന നടത്തുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി ജയിൽ സൂപ്രണ്ടിന് കത്തയച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

ബസ് സ്റ്റാൻഡ് പരിസരത്തെ വില്പന ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് കാട്ടിയാണ് നഗരസഭയുടെ നീക്കം. ഭക്ഷ്യോത്പ്പന്നങ്ങൾ വിൽപ്പന നടത്താൻ ലൈസൻസില്ലാത്തതും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ 2017 ജൂലായ് .2 ന് തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിക്കും തഹസിൽദാർക്കും തളിപ്പറമ്പ് സി .ഐ ക്കും രേഖാമൂലം അപേക്ഷ നൽകിയാണ് മൊബൈൽ സെയിൽസ് കൗണ്ടർ ആരംഭിച്ചതെന്നാണ് ജയിൽ സൂപ്രണ്ട് പറയുന്നത്. ലൈസൻസിന്റെ മാനദണ്ഡം അറിയിക്കണമെന്നു, ഗതാഗത തടസം ഉണ്ടാകുന്നുണ്ടെങ്കിൽ നഗരസഭ കാണിച്ചുതരുന്ന പൊതു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന മറ്റൊരിടത്ത് വിൽപ്പന കൗണ്ടർ മാറ്റാമെന്നും സൂപ്രണ്ട് നഗരസഭയെ അറിയിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ജയിൽ വകുപ്പിന്റെ സെയിൽസ് കൗണ്ടർ മാറ്റാനുള്ള പ്രവണത ശരിയല്ലെന്നും ഈ നീക്കം ചെറുക്കുമെന്നും യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് വി.രാഹുൽ വ്യക്തമാക്കി.സെൻട്രൽ ജയിലിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് ഫുഡ് സേഫ്റ്റി കമ്മിഷണറുടെ എഫ് .എസ്.എസ് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ഫ്രീഡം ഫുഡ് ഫാക്ടറി എന്ന കേന്ദ്രീകൃത സംവിധാനത്തിന്റെ കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ വിവിധ നഗരങ്ങളിൽ വിറ്റഴിക്കുന്നതിന് ജയിൽ വകുപ്പിന് സർക്കാരിന്റെ പ്രത്യേക അനുമതിയും ഉണ്ടെന്നിരിക്കെയാണ് തളിപ്പറമ്പ് നഗരസഭയുടെ നീക്കം.