കൊട്ടിയൂർ: വൈശാഖ മഹോത്സവ വേളയിൽ നടക്കുന്ന നാല് ആരാധനകളിൽ മൂന്നാമതായി വരുന്ന രേവതി ആരാധന ഇന്നലെ ഭക്തിനിർഭരമായ ചടങ്ങുകളോടെ അക്കരെ കൊട്ടിയൂരിൽ നടന്നു. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടന്നത്. നിവേദ്യപൂജ കഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ചതോടെ എഴുന്നള്ളത്തിന് തുടക്കമായി. വിശേഷ വാദ്യങ്ങളോടൊപ്പം ആനകൾക്ക് സ്വർണ്ണവും വെള്ളിയും കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടവും മറ്റലങ്കാരങ്ങളും ഉണ്ടായിരുന്നു. സ്വർണ്ണക്കുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളിക്കിടാരം, വെള്ളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങൾ ശീവേലിക്ക് അകമ്പടിയായി എഴുന്നള്ളിച്ചു.

രേവതി ആരാധന തെക്കേക്കോവിലകം വകയായാണ് നടന്നത്. പൊന്നിൻ ശീവേലിക്ക് ശേഷം കോവിലകം കയ്യാലയിൽ വച്ച് ആരാധനാ സദ്യയും നടന്നു. സന്ധ്യക്ക് വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യം ബാവലിപ്പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് ഭഗവാന്റെ സന്നിധിയിലെത്തിച്ചു.തുടർന്ന് ആരാധന പൂജയും സ്വയംഭൂവിഗ്രഹത്തിൽ പഞ്ചഗവ്യം, നവകം, കളഭം എന്നീ അഭിഷേകങ്ങളും നടന്നു.

രേവതി ആരാധനാ ദിവസമായ ഇന്നലെ കൊട്ടിയൂരിൽ രാവിലെ മുതൽ തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.ഉത്സവത്തിന്റെ രണ്ടാം ഘട്ടം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോൾ പകലെന്നതു പോലെ തന്നെ രാത്രിയിലും ദർശനത്തിനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ട്. മഴയുടെ കുറവുണ്ടെങ്കിലും ഭക്തജനങ്ങൾക്ക് ബാവലിയിലെ സ്‌നാനഘട്ടങ്ങളിൽ കുളിച്ച് ഈറനായി ദർശനം നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. കണ്ണൂർ തലശ്ശേരി വടകര മാനന്തവാടി ഭാഗങ്ങളിലേക്ക് കെ.എസ.ആർ. ടി.സി പ്രത്യേക സർവ്വീസുകൾ നടത്തുന്നുമുണ്ട്.