തളിപ്പറമ്പ്: അനധികൃത തട്ടുകട കൾ നീക്കം ചെയ്യാതെ ബസ് സ്റ്റാൻഡിന് അകത്തുള്ള ജയിൽ വകുപ്പിന്റെ ഭക്ഷ്യവിതരണ വാഹനം തടയാനുള്ള നീക്കത്തിനെതിരെയും വാഹന ദുരുപയോഗത്തിനെതിരെയും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നഗരസഭാസെക്രട്ടറിയെ ഉപരോധിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.വിഷയങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധ കാർ പിരിഞ്ഞ് പോയത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ദാമോദരൻ , മണ്ഡലം പ്രസിഡന്റ് ,വി. രാഹുൽ ' രാജീവൻ വെള്ളാവ്. സൂരജ് , ജോഷി തുടങ്ങിയവർ നേതൃത്യം നൽകി.
സ്‌നേഹ സദനിലേക്ക് പ്രവേശനം
മാഹി .ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായി ചെറുകല്ലായിൽ പ്രവർത്തിച്ചു വരുന്ന സ്‌നേഹ സദൻ സ്‌പെഷ്യൽ സ്‌കൂളിലേക്ക് പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശനം തുടരുന്നു. അർഹരായ കുട്ടികൾക്ക് സൗജന്യപഠനവും ഭക്ഷണവും യൂണിഫോമും നൽകുന്നതോടൊപ്പം യാത്രാ സൗകര്യവുമൊരുക്കിയിട്ടുണ്ട്.തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയനുസരിച്ച് വിദഗ്ധരായ അദ്ധ്യാപികമാരാണ് ഇവിടെ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. പ്രകൃതിയോടിണങ്ങിയുള്ള ജീവിതക്രമം കുട്ടികളിലുണർത്താനും വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് പഠിതാക്കളെ ആനയിക്കാനുമുള്ള നൂതനമായ പാഠ്യപദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി ടി.വി.ഗംഗാധരൻ അറിയിച്ചു. തൊഴിലധിഷ്ഠിത പഠനം പൂർത്തിയാകുന്നതോടെ, സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി എബിലിറ്റി കഫേ എന്ന പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫോൺ: 8086153381.
പി.ആർ.ടി.സി.യിൽ മൂന്ന് മാസമായി ശമ്പളമില്ല
ജീവനക്കാർ പട്ടിണിയിലേക്ക്
മാഹി: മൂന്നുമാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് പോണ്ടിച്ചേരി റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ജീവനക്കാർ ആത്മഹത്യയുടെ വക്കിൽ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മനം മടുത്ത് പുതുച്ചേരിയിലെ ബസ്സ് ജീവനക്കാരനായ എൻ.നീതി നാഥൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു ജീവനക്കാരൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു.
ഇപ്പോൾ അഞ്ച് പേർക്ക് വീതം ഭാഗികമായി ശമ്പളം നൽകി വരികയാണ്. മാഹിയിൽ ദീർഘദൂര ഹൃസ്വദൂര ബസുകൾ സർവീസ് നടത്തുന്നുണ്ട്.
ഇഫ്ത്താർ വിരുന്നും സ്‌നേഹ സംഗമവും
മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും സ്‌നേഹ സംഗമവും നടത്തി. സ്‌നേഹസംഗമം ടി.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ഐ.അരവിന്ദൻ, പി.പി.അനന്തൻ, എം.മുസ്തഫ, കെ.കെ.രാജീവൻ, ആനന്ദ് കുമാർ പറമ്പത്ത്, കെ.ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, അലി അക്ബർ ഹാഷിം എന്നിവർ സംസാരിച്ചു.
മാഹിയിലെ സ്‌കൂളുകൾ തുറക്കുന്നത് 6ന്
മാഹി: റംസാൻ പ്രമാണിച്ച് മയ്യഴി മേഖലയിലെ സ്‌കൂളുകൾ തുറക്കുന്ന തിയ്യതി ജൂൺ 3 ൽ നിന്ന് 6 ലേക്ക് മാറ്റിയതായി മയ്യഴി വിദ്യാഭ്യാസ വകുപ്പ് മേലദ്ധ്യക്ഷൻ ഉത്തമ രാജ് മാഹി അറിയിച്ചു.
വിജയോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തലശ്ശേരി:ധർമ്മടം മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്‌ളസ് ടു പരീക്ഷകളിൽ എ.പ്‌ളസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അവർ പഠിച്ച വിദ്യാലയങ്ങളെയും അനുമോദിക്കുന്നു. മണ്ഡലം വിദ്യാഭ്യാസ സമിതിയുടെയും മണ്ഡലം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ മൂന്ന് പെരിയ താജ് ഓഡിറ്റോറിയത്തിൽ ജൂൺ 2ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
പഠന മികവ് തെളിയിച്ച 650 ഓളം വിദ്യാർത്ഥികൾ അനുമോദനം ഏറ്റുവാങ്ങും.ഇതോടൊപ്പം ലോക ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ദിൽനയ്ക് അനുമോദനവും യാത്രയയപ്പും നൽകും.ദിൽനയുടെ യാത്രാചിലവിന് രണ്ട് ലക്ഷം രൂപയും ചടങ്ങിൽ കൈമാറും. കരിയർ വിദഗ്ദനായ രാജിവൻ ക്ലാസ്സെടുക്കും. അടുത്ത വർഷം മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും സയൻസ് ലാബ് ഒരുക്കുമെന്നും ഇതിനാവശ്യമായ ഉപകരണങ്ങൾ നൽകുമെന്നും സംഘാടകർ അറിയിച്ചു.പി.ബാലൻ, എം.പി.ഹാബിസ്, വത്സൻ പനോളി ,എ'മധുസൂദനൻ, വി.പ്രഭാകരൻ മാസ്റ്റർ., എൻ.കെ.സി ജിൻ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം
സേഫ്റ്റി കമ്മിഷണർ തെളിവെടുപ്പിനെത്തി
തലശ്ശേരി:ജോലിക്കിടെ കെ.എസ്.ഇ.ബി.അപ്രന്റീസ് തൊഴിലാളിയായ യുവാവ് എർത്ത് വയറിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം വിവാദമാവുന്നതിനിടെ തിരുവനന്തപുരത്ത് നിന്നും സേഫ്റ്റി കമ്മിഷണർ ആർ.സുകു ഇന്നലെ രാവിലെ തലശ്ശേരിയിലെത്തി തെളിവെടുപ്പ് നടത്തി. ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അദ്ദേഹം അപകട മരണത്തിനിരയായ തലശ്ശേരി സൌത്ത് സെക്ഷനിലെ തൊഴിലാളി അക്ഷയിന്റെ പൊന്ന്യം പല്യോടിയിലെ വീട്ടിലെത്തി.കഴിഞ്ഞ തിങ്കളാഴ് ച വൈകിട്ട് 4.30 ഓടെ കൊളശ്ശേരി മഠത്തും ഭാഗത്ത് 110 കെ.വി ലൈനിൽ അറ്റകുറ്റപ്പണിക്കിടെയായിരുന്നു അക്ഷയ് മരിച്ചത്. ഇതിനിടെ കെ.എസ്.ഇ.ബിയ്‌ക്കൊപ്പം സമാന്തര അന്വേഷണം നടത്തുന്ന ധർമ്മടം പൊലിസ് ഇന്നലെ രാവിലെ അപകടസ്ഥലം സന്ദർശിച്ച് തെളിവെടുത്തിരുന്നു.
ജയിൽവളപ്പിൽ ജൈവപച്ചക്കറി വിളവെടുപ്പ്
കണ്ണൂർ: സ്‌പെഷ്യൽ സബ് ജയിലിൽ ജൈവപച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ജയിൽ ഐ.ജി എച്ച്.ഗോപകുമാർ നിർവഹിച്ചു. ജയിൽ സൂപ്രണ്ട് അനിൽകുമാർ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാംദാസ്, പുഴാതി കൃഷി ഓഫീസർ സ്മിത, അസി.കൃഷി ഓപീസർ അരവിന്ദാക്ഷൻ എന്നിവരും സംബന്ധിച്ചു.
വിദ്യാർത്ഥികളെ അനുമോദിച്ചു.
കൂത്തുപറമ്പ് :നഗരസഭാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എം.സുകുമാരൻ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. നഗരസഭാ വൈസ്.ചെയർപേഴ്‌സൺ എം.പി.മറിയംബീവി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.കെ.സജിത്ത് കുമാർ, കൗൺസിലർമാരായ പി.പ്രമോദ്, കെ.വി.രജീഷ്, തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും മികച്ച വിജയം നേടിയവരെയാണ് ആദരിച്ചത്.